കൂടുതൽ കനേഡിയന്മാർ തീവ്രമായ കാലാവസ്ഥ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നതായി സർവേ. മൂന്ന് കനേഡിയന്മാരിൽ ഒന്നിലധികം പേർ കാട്ടുതീ, ഉഷ്ണതരംഗങ്ങൾ, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് എന്നീ കലാവസ്ഥാ പ്രശ്നങ്ങളെ നേരിട്ടതായി ലെഗർ സർവേ പറയുന്നു. എന്നാൽ 2023- ൽ നാല് കനേഡിയന്മാരിൽ ഒരാൾ മാത്രമാണ് അതികഠിനമായ കാലാവസ്ഥ പ്രശ്നങ്ങൾ ബാധിച്ചതായി വ്യക്തമാക്കിയിരുന്നത്. ഓഗസ്റ്റ് 16-18 തീയതികളിൽ ഓൺലൈനായാണ് ലെഗർ സർവേ നടത്തിയത്.
രാജ്യത്തിന്റെ പല ഭാഗത്തും കാട്ടുതീയും വെള്ളപ്പൊക്കവും നിരവധി നാശനഷ്ടങ്ങളുണ്ടാക്കി. ജൂലൈയിൽ ടൊറന്റോയിലുണ്ടായ ശക്തമായ മഴ വെള്ളപ്പൊക്കത്തിനും നിരവധി നാശനഷ്ടങ്ങൾക്കും കാരണമായി. രാജ്യത്തുടനീളം, ജൂൺ, ജൂലൈ മാസങ്ങളിൽ ബ്രിട്ടീഷ് കൊളംബിയയുടെയും ആൽബർട്ടയുടെയും വലിയ ഭാഗങ്ങളിൽ ഉഷ്ണതരംഗം ഉണ്ടായി. രണ്ട് പ്രവിശ്യകളിലെയും വരൾച്ച തീപിടുത്തത്തിൻ്റെ അപകടസാധ്യത ഗണ്യമായി ഉയർത്തി. കാലാവസ്ഥ പ്രശ്നങ്ങൾ ബാധിച്ച ആളുകളുടെ എണ്ണം എല്ലാ പ്രവിശ്യകളിലും ഗണ്യമായി കുതിച്ചുയർന്നു.
ആൽബെർട്ടയി 2023ലെ 22 ശതമാനം ജനങ്ങളെ മാത്രം ബാധിച്ച കാലാവസ്ഥ പ്രശ്നം ഈ വർഷം 43 ശതമാനമായി ഉയർന്നു.ക്യുബെക്കിൽ ഇത് 25 ശതമാനത്തിൽ നിന്ന് 41 ശതമാനമായി ഉയർന്നപ്പോൾ ഒൻ്റാറിയോയിൽ ഇത് 13 ശതമാനമാനത്തിൽ നിന്ന് 31 ശതമാനമായും ഉയർന്നു.
അഞ്ച് വർഷം മുമ്പ് ഉണ്ടായതിനേക്കാൾ കൂടുതൽ കാട്ടുതീയാണ് തങ്ങൾ നേരിടുന്നതെന്ന് സർവേയിൽ പങ്കെടുത്ത 10 ൽ ഏഴിൽ കൂടുതൽ പേർ അഭിപ്രായപ്പെട്ടു. അതേസമയം മൂന്നിൽ രണ്ട് പേർ തങ്ങൾക്ക് കടുത്ത ചൂട് അനുഭവപ്പെട്ടതായി പറഞ്ഞു. വായു ഗുണനിലവാരം മോശമാണെന്നും, താപനില വ്യതിയാനം ഉണ്ടാകുന്നതായും സർവേയിൽ പങ്കെടുത്ത അഞ്ചിൽ മൂന്ന് പേരും വ്യക്തമാക്കി.







