വിദേശത്ത് ജനിച്ച കനേഡിയൻ ദമ്പതികളുടെ മക്കൾ വിദേശത്താണ് ജനിച്ചതെങ്കിൽ അവർക്ക് പൗരത്വം നിഷേധിക്കുന്ന ‘സെക്കന്റ് ജനറേഷൻ കട്ട് ഓഫ് ‘എന്ന വ്യവസ്ഥ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന കോടതി വിധിക്കെതിരെ അപ്പീൽ കൊടുക്കില്ലെന്ന് സർക്കാർ. സർക്കാരിന്റെ സിറ്റിസൺഷിപ്പ് ആക്റ്റ് എന്ന നിയമത്തിലുള്ള വ്യവസ്ഥയാണ് കോടതി അസാധു ആണെന്ന് കണ്ടെത്തിയത്. ഇതിനെതിരെ അപ്പീൽ കൊടുക്കില്ലെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ വ്യക്തമാക്കി.
നിലവിലുള്ള നിയമം വിദേശത്ത് വച്ച് കുട്ടികളുണ്ടായ കനേഡിയൻ പൗരന്മാരായ മാതാപിതാക്കൾക്ക് ഗുണകരമല്ലെന്നും അതുകൊണ്ടുതന്നെ വിധിക്കെതിരെ അപ്പീൽ നൽകില്ലെന്നും മന്ത്രി വിശദമാക്കി.
ഒന്റാരിയോ സുപ്പീരിയർ കോടതി ജഡ്ജ് ആണ് സെക്കന്റ് ജനറേഷൻ കട്ട് ഓഫ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രസ്താവിച്ചത്. പുതിയ കോടതി വിധിയുടെ പശ്ചാത്തലത്തിൽ നിലവിലെ നിയമങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പഠിച്ചു വരികയാണെന്നും അടുത്തുതന്നെ അതിനെക്കുറിച്ച് വ്യക്തമായ രൂപം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
