ഇന്ത്യക്കാരുൾപ്പെടെയുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ നാടുകടത്തല്‍ ഭീഷണിയിൽ;ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തില്‍
സ്റ്റഡി പെര്‍മിറ്റ് പരിമിതപ്പെടുത്തുന്നതുള്‍പ്പെടെ കുടിയേറ്റ നയങ്ങളില്‍ കനേഡിയന്‍ സര്‍ക്കാര്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കാനഡയിലെ അന്തര്‍ദേശീയ ബിരുദ വിദ്യാര്‍ത്ഥികള്‍ നാടുകടത്തല്‍ ഭീഷണിയിൽ. ഫെഡറല്‍ നയമാറ്റങ്ങള്‍ കാരണം 70,000 ത്തിലധികം അന്തര്‍ദേശീയ ബിരുദ വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ നാടുകടത്തല്‍ നടപടി നേരിടേണ്ടി വരുമെന്നാണ് സൂചന. നിലവില്‍ രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. പഠനം പൂര്‍ത്തിയാക്കി സ്ഥിരതാമസത്തിന് അപേക്ഷിക്കാന്‍ പദ്ധതിയിട്ട പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലായി.
ഈ വര്‍ഷം അവസാനത്തോടെ വര്‍ക്ക് പെര്‍മിറ്റ് അവസാനിക്കുമ്പോള്‍ ബിരുദധാരികളെ നാടുകടത്താനുള്ള സാധ്യതയുണ്ടെന്ന് വിദ്യാര്‍ത്ഥി അഭിഭാഷക ഗ്രൂപ്പായ നൗജവാന്‍ സപ്പോര്‍ട്ട് നെറ്റ്‌വര്‍ക്ക് പ്രതിനിധികള്‍ പറഞ്ഞു. പ്രതിഷേധങ്ങളുടെ ഭാഗമായി മൂന്ന് മാസത്തിലേറെയായി പ്രിന്‍സ് എഡ്വര്‍ഡ് ഐലന്‍ഡിലെ നിയമസഭയ്ക്ക് പുറത്ത് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ക്യാമ്പുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. ഒന്റാരിയോ, മാനിറ്റോബ, ബ്രിട്ടീഷ് കൊളംബിയ എന്നീ പ്രവിശ്യകളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഫെഡറല്‍ സര്‍ക്കാരില്‍ നിന്നും അനുകൂലമായ ഇടപെടല്‍ ഉണ്ടാകണമെന്നാണ് പ്രതിഷേഷേധക്കാര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
