തനിക്കെതിരെ ഉയർന്ന ലൈംഗികപീഡനാരോപണം നിഷേധിച്ച് നടൻ നിവിൻ പോളി. ഇങ്ങനൊരു പെൺകുട്ടിയെ എനിക്ക് അറിയില്ല, കണ്ടിട്ടില്ല, മിണ്ടിയിട്ടില്ല നിവിൻ പോളി പറഞ്ഞു. വ്യാജ ആരോപണങ്ങൾ എൻ്റെ കുടുബത്തെയും ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പെൺകുട്ടിക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കും, മാധ്യമങ്ങൾ വാർത്ത കൊടുക്കരുതെന്ന് പറയില്ല പക്ഷേ വാർത്ത കൊടുക്കുമ്പോൾ കാര്യങ്ങൾ കൃത്യമായി പരിശോധിക്കണം നിവിൻ പോളി പറഞ്ഞു. നാളെ സത്യം പുറത്തുവരുമ്പോൾ മാധ്യമങ്ങൾ കൂടെയുണ്ടാവണമെന്നും നിവിൻ പറഞ്ഞു.
ഇത്തരം വ്യാജ ആരോപണങ്ങൾക്ക് ആരെങ്കിലും ഒരു ഫുൾസ്റ്റോപ്പ് ഇടണമെന്നും നിവിൻ പോളി പറഞ്ഞു. ഈ ആരോപണങ്ങൾക്ക് പിറകിൽ ആരൊക്കെയോ ഉണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്നും നിവിൻ പറഞ്ഞു.കേസിലെ മറ്റു പ്രതികളെ തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോതമംഗലം നേര്യമംഗലം സ്വദേശിനിയായ യുവതിയാണ് നിവിൻ പോളിക്കെതിരെ പീഡന പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് 2023-ൽ ദുബായിൽ വെച്ച് പീഡിപ്പിച്ചു എന്നാണ് യുവതി പറഞ്ഞത്. തുടർന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ നിർദേശപ്രകാരം നിവിൻ പോളി ഉൾപ്പെടെ ആറുപേർക്കെതിരെ എറണാകുളം ഊന്നുകൽ പോലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ആരോപണങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് നിവിൻ രംഗത്തെത്തിയത്.
