ശ്രീഹരിക്കോട്ട: ബഹിരാകാശത്ത് പയർ വിത്ത് മുളപ്പിച്ച് നിർണായക ചുവടുവെപ്പുമായി ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽനിന്ന് ഇക്കഴിഞ്ഞ ഡിസംബർ 30ന് വിക്ഷേപിച്ച പിഎസ്എൽവി – സി60 പോയം – 4 ദൗത്യത്തിലൂടെയാണ് ഐഎസ്ആർഒയുടെ സുപ്രധാന നേട്ടം. ബഹിരാകാശത്തെ മൈക്രോ ഗ്രാവിറ്റി സാഹചര്യങ്ങളിൽ സസ്യം വളർത്തുന്നതു സംബന്ധിച്ച കോംപാക്ട് റിസർവ് മോഡ്യൂൾ ഫോർ ഓർബിറ്റൽ പ്ലാൻ്റ് സ്റ്റഡീസ് (ക്രോപ്സ് – CROPS) ഉപയോഗപ്പെടുത്തിയാണ് ഐഎസ്ആർഒ പരീക്ഷണം വിജയകരമാക്കിയത്. തിരുവനന്തപുരത്തെ വിഎസ്എസ്എസി ആണ് ക്രോപ്സ് പേലോഡ് വികസിപ്പിച്ചത്.
മൈക്രോ ഗ്രാവിറ്റി അന്തരീക്ഷത്തിൽ വിത്ത് മുളയ്ക്കുന്നതും സസ്യത്തിൻ്റെ അതിജീവനവും സംബന്ധിച്ച ഗവേഷണങ്ങൾക്കായാണ് ക്രോപ്സ് പേലോഡ് വികസിപ്പിച്ചത്. പേലോഡിലുള്ള ബോക്സിൽ എട്ട് വെള്ളപ്പയർ വിത്തുകളാണ് ഐഎസ്ആർഒ സൂക്ഷിച്ചത്. താപനിലയും മറ്റും നിയന്ത്രിച്ചാണ് ബോക്സ് സ്ഥാപിച്ചത്. സസ്യത്തിൻ്റെ വളർച്ച തുടർച്ചയായി നിരീക്ഷിക്കാനുള്ള ഹൈഡെഫിനിഷൻ കാമറകൾ, ഓക്സിജൻ, കാർബൺ ഡൈഓക്സൈഡ് ലെവലുകൾ അറിയാനുള്ള സെൻസറുകൾ, ഹ്യുമിഡിറ്റി ഡിറ്റക്ടറുകൾ, താപനില നിരീക്ഷിക്കുന്ന സംവിധാനങ്ങൾ, മണ്ണിൻ്റെ നനവ് അളക്കുന്ന ഉപകരണങ്ങൾ തുടങ്ങിയവ പേലോഡിൽ ഉണ്ടായിരുന്നു.
വിക്ഷേപിച്ചു നാല് ദിവസങ്ങൾക്കകമാണ് പയർവിത്ത് മുളച്ചത്. ഉടൻതന്നെ ഇലയും വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ബഹിരാകാശ ചരിത്രത്തിൽ സുപ്രധാന നേട്ടമാണ് ഐഎസ്ആർഒ കരസ്ഥമാക്കുക. ക്രോപ്സ് പേലോഡ് ഉൾപ്പെടെ ഐഎസ്ആർഎയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും സംയുക്തമായി വികസിപ്പിച്ച 24 പേലോഡുകളാണ് പിഎസ്എൽവി ഓർബിറ്റൽ എക്സിപിരിമെൻ്റ് മോഡ്യൂളി (പോയം -4) ൽ ഉണ്ടായിരുന്നത്. ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്ക് കരുത്തുപകരുന്നവയാണ് ഇവ.
അതേസമയം ഇന്ത്യയുടെ ആദ്യ റോബോട്ടിക് കൈ ബഹിരാകാശത്ത് പ്രവർത്തിപ്പിക്കുന്നതിലും ഐഎസ്ആർഒ വിജയിച്ചു. പോയം – 4ലെ റീലൊക്കേറ്റബിൾ റോബോട്ടിക് മാനിപ്പുലേറ്റർ ടെക്നോളജി ഡെമോൺസ്ട്രേറ്റർ (RRM-TD) എന്ന വാക്കിങ് റോബോട്ടിക് ആം ആണ് ഐഎസ്ആർഒ പ്രവർത്തിപ്പിച്ചത്. സ്പേസ് റോബോട്ടിക്സിൽ ഇത് നാഴികക്കല്ലാണെന്ന് ഐഎസ്ആർഒ അറിയിച്ചു. ഐഎസ്ആർഒയുടെ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് (ഐഐഎസ്‍യു) ആണ് റോബോട്ടിക് ആം വികസിപ്പിച്ചത്. പോയം – 4ൻ്റെ പ്ലാറ്റ്ഫോമിൽനിന്ന് നാല് ജോയിൻ്റുകൾ ഉപയോഗിച്ചു ലക്ഷ്യസ്ഥാനത്തേക്ക് റോബോട്ടിക് കൈ എത്തിക്കാനാകും.