ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി. രണ്ട് ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തുന് മാക്രോൺ 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയാകും. രാജസ്ഥാനിലെ ജയ്പൂരിലാണ് മാക്രോൺ എത്തുന്നത്. തുടർന്ന് ജന്തർമന്ദറിലേക്ക് പോകുന്ന അദ്ദേഹം അവിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. കരകൗശല വിദഗ്ധർ, ഇൻഡോ-ഫ്രഞ്ച് സാംസ്കാരിക പദ്ധതികളിലെ പങ്കാളികൾ, വിദ്യാർത്ഥികൾ എന്നിവരുമായി ഇരുനേതാക്കളും സംവദിക്കും. പ്രധാനമന്ത്രി മോദിയും മാക്രോണും ജന്തർ മന്തറിൽ നിന്ന് സംഗനേരി ഗേറ്റിലേക്ക് സംയുക്ത റോഡ് ഷോ നടത്തും. ഹവാ മഹലിൽ ഒരു ഫോട്ടോ ഒപ്ഷൻ പ്ലാൻ ചെയ്തിട്ടുണ്ട്. തുടർന്ന് ഇരു നേതാക്കളും ചരിത്രപ്രസിദ്ധമായ ആൽബർട്ട് ഹാൾ മ്യൂസിയം സന്ദർശിക്കും. രാംബാഗ് കൊട്ടാരത്തിൽ പ്രധാനമന്ത്രി മോദി മാക്രോണിന് സ്വകാര്യ അത്താഴം നൽകും. അതിനുശേഷം ഫ്രഞ്ച് പ്രസിഡന്റ് റിപ്പബ്ലിക് ദിന പരേഡിനായി ഡൽഹിയിലേക്ക് പോകും. ഡൽഹിയിൽ കർത്തവ്യ പാതയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി മാക്രോൺ പങ്കെടുക്കും. ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഫ്രഞ്ച് സൈന്യത്തിൽ നിന്നുള്ള ഒരു സംഘം പങ്കെടുക്കുന്നുണ്ട്.
