ബിരുദാനന്തര ബിരുദ വർക്ക് പെർമിറ്റുമായി (പിജിഡബ്ല്യുപി) ബന്ധപ്പെട്ട് കാനഡ സ്വീകരിച്ച പുതിയ നിലപാട് ലക്ഷകണക്കിന് വരുന്ന ഇന്ത്യക്കാരെയാണ് ബാധിക്കും. ഈ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദ്യാർത്ഥികള്‍ ബ്രാംപ്ടണിലെ ക്യൂൻ സ്ട്രീറ്റിൽ നടത്തുന്ന പ്രതിഷേധം 50 ദിവസം പിന്നിടുകയും ചെയ്തു. പ്രധാനമായും പഞ്ചാബില്‍ നിന്നുള്ള വിദ്യാർത്ഥികളാണ് സമരമുഖത്തുള്ളത്.
നൗജവാൻ സ്റ്റുഡൻ്റ് നെറ്റ്‌വർക്കിൻ്റെ (എൻഎസ്എൻ) നേതൃത്വത്തിലാണ് സമരം നടക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സമരത്തിന് മോൺട്രിയൽ യൂത്ത് സ്റ്റുഡൻ്റ്സ് ഓർഗനൈസേഷനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കാനഡ നിലപാട് തിരുത്തിയില്ലെങ്കില്‍ ഏകദേശം ഒരു ലക്ഷത്തിലേറെ ഇന്ത്യന്‍ വിദ്യാർത്ഥികള്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
ഏകദേശം 1.3 ലക്ഷം വിദ്യാർത്ഥികളുടെ വർക്ക് പെർമിറ്റ് ഡിസംബർ 31 ന് അവസാനിക്കാന്‍ പോകുകയാണെന്നാണ് എം ഐ എസ് ഒ ഭാരവാഹി മൻദീപ് വ്യക്തമാക്കുന്നത്. അവർ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കാനഡയില്‍ തുടരാന്‍ അവർക്ക് വർക്ക് പെർമിറ്റ് നീട്ടേണ്ടത് ആവശ്യമാണ്. അതിനായുള്ള ശ്രമമാണ് ഞങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രതിസന്ധി ദീർഘകാലമായി തുടരുന്നുണ്ടെങ്കിലും ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം അടുത്തിടെ കൂടുതല്‍ വഷളായത് കുടിയേറ്റക്കാർക്കും വിദ്യാർത്ഥികൾക്കും ഇടയിൽ ഭയം സൃഷ്ടിച്ചിരിക്കുകയാണ്. വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസവും തൊഴിലും നൽകുന്നതിൽ ഇന്ത്യൻ സർക്കാർ പരാജയപ്പെട്ടതിനാൽ യുവാക്കൾക്ക് കാനഡയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും പോകുകയല്ലാതെ മറ്റ് മാർഗമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിരുദാനന്തര ബിരുദ വർക്ക് പെർമിറ്റ് നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ അടുത്തിടെയാണ് കാനഡ ശക്തിപ്പെട്ടത്. വർക്ക് പെർമിറ്റ് നേടുന്നതിന് കനേഡിയൻ ലാംഗ്വേജ് ബെഞ്ച്മാർക്ക് ടെസ്റ്റിൽ 7 സ്‌കോർ ലഭിക്കണമെന്നും പല മേഖലകളിലും വർക്ക് പെർമിറ്റ് തൊഴില്‍ ക്ഷാമത്തിന് അനുസരിച്ചായിരിക്കുമെന്നാണ് കാനഡ അടുത്തിടെ വ്യക്തമാക്കിയത്.







