കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നടികർ തിലകത്തിന്റെ പേര് മാറ്റി. നടികർ എന്നാണ് ചിത്രത്തിന്റെ പുതിയ പേര്. സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ശിവാജി ഗണേശന്റെ ആരാധക സംഘടനയായ നടികർ തിലകം ശിവാജി സമൂഗ നള പേരവൈ മലയാള സിനിമയിലെ താരസംഘടനയായ അമ്മയ്ക്ക് കത്തയച്ചിരുന്നു. തുടർന്നാണ് പേര് മാറ്റി ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.
നടികർ തിലകം ശിവാജി ഗണേശന്റെ മകനും നടനുമായ പ്രഭുവിന്റെ സാന്നിദ്ധ്യത്തിൽ കൊച്ചിയിൽ നടന്ന ചടങ്ങിലാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. ടൊവിനോ നായകനാകുന്ന ചിത്രത്തിൽ ഭാവനയാണ് നായികയാകുന്നത്. ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, സുരേഷ് കൃഷ്ണ, ബാലു വർഗീസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷത്തിൽ എത്തുന്നത്.
