വിമാനത്താവളങ്ങളിൽ എത്തുന്ന ഇന്ത്യൻ, നൈജീരിയൻ സന്ദർശകരെ കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ (സിബിഎസ്എ) തിരിച്ചയക്കുന്നത് പതിവാകുന്നു. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് സമീപകാലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിർത്തി സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള സിബിഎസ്എയുടെ കർശനമായ നടപടികൾ കാരണം അംഗീകൃത സന്ദർശക വിസ കൈവശമുള്ള വ്യക്തികൾക്ക് പോലും രാജ്യത്തേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടുകയാണെന്നാണ് റിപ്പോർട്ടുകൾ. തങ്ങളുടെ കുടുംബാംഗങ്ങളെ കാണാൻ രണ്ടാമത്തെയോ മൂന്നാമത്തെയോ തവണ കാനഡ സന്ദർശിക്കുന്ന ആളുകൾക്ക് വരെ ഈ ദുരനുഭവം ഉണ്ടായിട്ടുണ്ട്.
AC-51 നമ്പറിലുള്ള എയർ കാനഡ വിമാനത്തിൽ മോൺട്രിയാൽ വിമാനത്താവളത്തിലെത്തിയ 40 ലധികം ഇന്ത്യക്കാർക്ക് പ്രവേശനം നിഷേധിച്ചത് കഴിഞ്ഞ ദിവസം ( ജൂലൈ 8 ) ആണ്. ഇവരോട് സ്വന്തം രാജ്യത്തേക്ക് മടങ്ങി പോകാൻ ആവശ്യപ്പെടുകയായിരുന്നു. മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ള സംഘത്തോടാണ് ഈ പ്രവർത്തി എന്നത് കാര്യങ്ങളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു.
സന്ദർശക വിസയോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള വിസയോ കൈവശം ഉണ്ടെന്നത് കാനഡയിലേക്ക് പ്രവേശിക്കാനുള്ള ഗാറന്റി അല്ലെന്നാണ് ഇത്തരം സംഭവങ്ങൾ വ്യക്തമാക്കുന്നത്. സിബിഎസ്എ ഉദ്യോഗസ്ഥനാണ് ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കുന്നത്.
ആശങ്കയിൽ ഇന്ത്യക്കാർ : വിമാനത്താവളങ്ങളിൽ എത്തിയവർക്ക് പോലും കാനഡയിലേക്ക് പ്രവേശനം നിഷേധിച്ച് സിബിഎസ്എ
Reading Time: < 1 minute






