അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയാകാൻ നിലവിലെ പ്രസിഡന്റ് ജോ ബൈഡനേക്കാൾ മികച്ചത് കമല ഹാരിസെന്ന് റിപ്പോർട്ട്. സിഎൻഎൻ പുറത്തുവിട്ട സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ മാസം അവസാനം സിഎൻഎൻ സംഘടിപ്പിച്ച സംവാദത്തിലെ ബൈഡന്റെ മോശം പ്രകടനം ഡെമോക്രാറ്റുകൾക്ക് വലിയ ക്ഷീണം സൃഷ്ടിച്ചിരുന്നു. ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിൽ മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർടി നേതാവുമായ ഡൊണാൾഡ് ട്രംപിനോട് ബൈഡന് പിടിച്ചു നിൽക്കാനാകാഞ്ഞത് അദ്ദേഹത്തിന്റെ ജനപ്രീതിയിൽ വലിയ ഇടിവുണ്ടാക്കി എന്ന് റിപ്പോർട്ടുകളുണ്ട്. ഇതിനിടെയാണ് സിഎൻഎന്നിന്റെ സർവേഫലം പുറത്തു വരുന്നത്.
റിപ്പോർട്ട് അനുസരിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപിനേക്കാൾ ആറ് പോയിന്റുകൾക്ക് പിന്നിലാണ് ബൈഡൻ. എന്നാൽ നിലവിലെ വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസിന് വോട്ടർമാർക്കിടയിൽ വലിയ പിന്തുണയുണ്ട്. 47 ശതമാനം പേർ ട്രംപിനെ പിന്തുണക്കുമ്പോൾ 45 ശതമാനം പേരുടെ പിന്തുണ കമല ഹാരിസിനുണ്ട്. സ്ത്രീവോട്ടർമാരിരിൽ 50 ശതമാനം പേരുടെ പിന്തുണ കമലഹാരിസിനുണ്ട്. ബൈഡന്റെ കാര്യത്തിൽ സ്ത്രീവോട്ടർമാരുടെ പിന്തുണ 44 ശതമാനമാണ്.
സിഎൻഎന്നിന്റെ സംവാദം പുറത്ത് വന്നതിനു ശേഷം ജോ ബൈഡന്റെ പ്രകടനത്തെ ചൊല്ലി സ്വന്തം പാർട്ടിയായ ഡെമോക്രാറ്റുകൾക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസം ഉണ്ട്. ബൈഡൻ സ്ഥാനാർത്ഥിയാകരുതെന്ന് ഒരു വിഭാഗം വാദിക്കുന്നു. സംവാദത്തിൽ കണ്ടത് പഴയ ബൈഡന്റെ നിഴൽ മാത്രമായിരുന്നു എന്നാണ് അഭിപ്രായങ്ങൾ. പലപ്പോഴും ട്രംപിന്റെ മൂർച്ചയേറിയ ആരോപണങ്ങൾക്കും ചോദ്യങ്ങൾക്കും മുന്നിൽ ജോ ബൈഡന് പിടിച്ച് നിൽക്കാനായില്ല.
പ്രസിഡന്റ് സ്ഥാനാർഥിയാവാൻ ബൈഡനേക്കാൾ മികച്ചത് കമല ഹാരിസെന്ന് സർവേ
Reading Time: < 1 minute






