കൊല്ലപ്പെട്ട ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിൻ്റെ അടുത്ത സഹായിയുടെ വീടിനുനേരെ നടത്തിയ വെടിവയ്പ്പിൽ പങ്കുണ്ടെന്ന് ആരോപിച്ച് രണ്ട് കൗമാരക്കാരെ സറേയിൽ പോലീസ് അറസ്റ്റ് ചെയ്തു. സറേയിലെ 140-ാം സ്ട്രീറ്റിലെ 7700 ബ്ലോക്കിലെ ഒരു വീട്ടിൽ നിന്ന് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
നിജ്ജാറിൻ്റെ സുഹൃത്തായിരുന്ന സിമ്രൻജീത് സിങ്ങിൻ്റെ വീടിന് നേരെ കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് വെടിവെയ്പ്പ് നടന്നത്. വെടിവെപ്പിനെത്തുടർന്ന് ഒരു കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചു. സിമ്രൻജീത് സിംഗിൻ്റെ വീട്ടിൽ ഒന്നിലധികം ദ്വാരങ്ങൾ കണ്ടെത്തിയതായി സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ വർഷം സറേയിൽ നടന്ന വെടിവെപ്പിൽ നിജ്ജാർ കൊല്ലപ്പെട്ടിരുന്നു, ഇതിൽ ഇന്ത്യൻ സർക്കാർ ഏജൻ്റുമാരുടെ പങ്കുണ്ടെന്ന് കാനഡ ആരോപിച്ചിരുന്നു. ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ രംഗത്തെത്തിയിരുന്നു.
വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഖാലിസ്ഥാൻ അനുകൂല പ്രതിഷേധം സംഘടിപ്പിച്ചതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് സിമ്രൻജീത് സിംഗിൻ്റെ വീടിന് നേരെ വെടിവയ്പ്പ് ഉണ്ടായത്.
