മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിലെ നമീബിയൻ ചീറ്റപ്പുലികളിൽ ഒന്നായ ‘ആശ’ മൂന്ന് കുഞ്ഞുങ്ങൾക്ക് കൂടി ജന്മം നൽകി. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. മൂന്ന് ചീറ്റകുഞ്ഞുങ്ങളുടെ വീഡിയോയും അദ്ദേഹം എക്സിലൂടെ പങ്കുവച്ചു. ചീറ്റ പ്രൊജക്ടിന്റെ വിജയമാണിതെന്നും പിന്നില് എല്ലാ ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നുവെന്നും ഭൂപേന്ദർ യാദവും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന് യാദവും അറിയിച്ചു. ഇപ്പോൾ, മൂന്ന് കുഞ്ഞുങ്ങൾ കൂടി ജനിച്ചതോടെ, രാജ്യത്തെ മൊത്തം ചീറ്റകളുടെ എണ്ണം 18 ആയി. അതിൽ 14 എണ്ണം മുതിർന്നവരും ബാക്കി 4 എണ്ണം കുട്ടികളുമാണ്. 2023 മാർച്ചിൽ സിയയ്യ എന്ന ചീറ്റയ്ക്ക് ജ്വാല എന്ന് പുനർനാമകരണം ചെയ്യപ്പെട്ടിരുന്നു. കൂടാതെ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്തിരുന്നു. എന്നാൽ ആ കുഞ്ഞുങ്ങളിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 17ന് നമീബിയയിൽ നിന്ന് കൊണ്ടുവന്ന ഒരു കൂട്ടം ചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ തുറന്ന് വിട്ടതോടെയാണ് പ്രോജക്ട് ചീറ്റ പദ്ധതിയുടെ ആരംഭം. നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും കുനോയിലേക്ക് രണ്ട് ബാച്ചുകളിലായി ഇരുപത് ചീറ്റകളെയാണ് ഇറക്കുമതി ചെയ്‌തത്. ആദ്യഘട്ടം കഴിഞ്ഞ വർഷം സെപ്റ്റംബറിലും, രണ്ടാമത്തേത് ഫെബ്രുവരിയിലുമായിരുന്നു. മാർച്ച് മുതൽ, ഇവയിൽ പ്രായപൂർത്തിയായ ആറ് ചീറ്റകൾ വിവിധ കാരണങ്ങളാൽ ചത്തു. മെയ് മാസത്തിൽ, ഒരു പെൺ നമീബിയൻ ചീറ്റയ്ക്ക് ജനിച്ച നാല് കുഞ്ഞുങ്ങളിൽ മൂന്നെണ്ണം കൊടും ചൂടിനെ തുടർന്ന് മരണത്തിന് കീഴടങ്ങി. ശേഷിക്കുന്ന ഒരു കുഞ്ഞിനെ മനുഷ്യ സംരക്ഷണത്തിലാണ് വളർത്തുന്നത്.
