കാനഡയിലെ ഏറ്റവും വലിയ ജനവിഭാഗമായി മില്ലേനിയലുകൾ. രാജ്യത്ത് ബേബി ബൂമറുകളേക്കാൾ കൂടുതൽ മില്ലേനിയലുകളുണ്ടെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് പറയുന്നു. രണ്ടാം ലോകമഹായുദ്ധാനന്തര തലമുറയായ ബേബി ബൂമറുകൾ 65 വർഷമായി രാജ്യത്തെ ഏറ്റവും വലിയ ജനവിഭാഗമായിരുന്നു. 2023 ജൂലൈ 1നുള്ള ജനസംഖ്യാ കണക്കെടുപ്പിൽ പ്രായത്തിന്റെയും ലിംഗഭേദത്തിന്റെയും അടിസ്ഥാനത്തിൽ ഈ മാറ്റം ഫെഡറൽ ഏജൻസി രേഖപ്പെടുത്തിയിട്ടുണ്ട്.
2022 ജൂലൈ 1 നും 2023 ജൂലൈ 1 നും ഇടയിൽ കാനഡയിലെ ശരാശരി പ്രായം 1958 ന് ശേഷം ആദ്യമായി കുറഞ്ഞതായും റിപ്പോർട്ട് പറയുന്നു. എന്നാൽ 65 വയസും അതിൽ കൂടുതലുമുള്ള ആളുകളുടെ എണ്ണവും അനുപാതവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു.1946 നും 1964 നും ഇടയിൽ ജനിച്ചവരാണ് ബേബി ബൂമറുകൾ. എന്നാൽ 1981 നും 1996 നും ഇടയിൽ ജനിച്ചവരാണ് മില്ലേനിയലുകൾ.
മില്ലേനിയലുകളുടെയും ജനറേഷൻ ഇസഡിൻ്റെയും എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ബേബി ബൂമേഴ്സുകളുടെയും ജനറേഷൻ എക്സിന്റെയും എണ്ണം കുറഞ്ഞു കൊണ്ടിരിക്കുകയാണെന്നും സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട കണക്കുകൾ പറയുന്നു.
മേൽപ്പറഞ്ഞ പ്രവണതകൾ പ്രായപരിധി 15 മുതൽ 64 വരെ വരുന്ന തൊഴിലെടുക്കാൻ പ്രാപ്തരായ ജനസംഖ്യയുടെ വിഹിതം വർദ്ധിപ്പിക്കുന്നതിന് കാരണമായി. കഴിഞ്ഞ 15 വർഷങ്ങളിൽ ഈ വിഭാഗം ക്രമാനുഗതമായി കുറഞ്ഞുവരികയായിരുന്നുവെങ്കിലും 2023-ൽ അത് വർധിച്ചതായും റിപ്പോർട്ട് പറയുന്നു.







