ആറ് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി. ശനിയാഴ്ചയ്ക്കകം ഇന്ത്യ വിടണമെന്ന് നിര്‍ദേശം. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറെ ഇന്ത്യ തിരിച്ചുവിളിച്ചിരുന്നു. പിന്നാലെ ആറ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയെന്ന് കാനഡ അറിയിച്ചു. അതിനെ തുടര്‍ന്നാണ് ഇന്ത്യയും കടുത്ത നിലപാടിലേക്ക് നീങ്ങിയത്.
കാനഡയില്‍ നടക്കുന്ന അന്വേഷണത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ അടക്കം നയതന്ത്ര പ്രതിനിധികള്‍ സംശയനിഴലിലാണെന്ന് കാനഡ ആരോപിച്ചിരുന്നു. പിന്നാലെ കനേഡിയന്‍ സര്‍ക്കാരിനെയും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെയും രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യയും രംഗത്തെത്തി. കാനഡയില്‍ നടക്കുന്ന ഒരു കേസന്വേഷണത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണറും നയതന്ത്ര പ്രതിനിധികളും സംശയനിഴലിലാണെന്ന് കഴിഞ്ഞ ദിവസം കാനഡ ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് വിദേശകാര്യ മന്ത്രാലയം ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. ആരോപണം അടിസ്ഥാന രഹിതവും രാഷ്ട്രീയ അജന്‍ഡയുടെ ഭാഗവുമാണെന്ന് ഇന്ത്യ വ്യക്തമാക്കി.







