മണിക്കൂറിൽ 120 ഉൽക്കകൾ വരെ മാനത്ത് പെയ്യുന്ന അപൂർവ ദൃശ്യം. 2024ലെ ഏറ്റവും ആകർഷകമായ ബഹിരാകാശ വിസ്‌മയങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ജെമിനിഡ് ഉൽക്കാവർഷം തൊട്ടടുത്ത് എത്തിയിരിക്കുകയാണ്. ഡിസംബർ 12നും 13നുമാണ് ജ്യോതിശാസ്ത്ര ലോകത്തിൻറെ എല്ലാ കണ്ണുകളും കൂർപ്പിക്കുന്ന ജെമിനിഡ് ഉൽക്കാവർഷം ഭൂമിയിൽ നിന്ന് കാണാനാവുക.
എല്ലാ വർഷവും ഡിസംബർ മാസം മധ്യേ മാനത്ത് ഏറെ ഉൽക്കകൾ കാണാറുണ്ട്. 2024ൽ ഡിസംബർ 4 മുതൽ 20 വരെയാണ് ഉൽക്കാവർഷമുള്ളത്. ഈ വർഷം ഉൽക്കാവർഷം ഏറ്റവും പാരമ്യത്തിൽ എത്തുന്നത് ഡിസംബർ 12, 13 തിയതികളിലായിരിക്കും. മണിക്കൂറിൽ 120 ഉൽക്കകൾ വരെ ഈ ദിവസങ്ങളിൽ കാണാനാകും. സമീപ പതിറ്റാണ്ടുകളിൽ ജെമിനിഡ് ഉൽക്കകൾ ഭൂമിയോട് കൂടുതൽ അടുത്ത് ചുറ്റിക്കറങ്ങുന്നതിനാൽ ഇവ കാണാനുള്ള സാധ്യതയേറിയിട്ടുണ്ട്. ഏറ്റവും തെളിച്ചവും വേഗമുള്ളതുമായ ഉൽക്കാവർഷം എന്നാണ് ജെമിനിഡിന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ നൽകുന്ന വിശേഷണം. പ്രത്യേക ടെലസ്കോപ്പുകളോ ബൈനോക്കുലറുകളോ ഇല്ലാതെ നഗ്ന നേത്രങ്ങൾ കൊണ്ട് ജെമിനിഡ് ഉൽക്കാവർഷം മനുഷ്യർക്ക് ആസ്വദിക്കാം.
സാധാരണ ഉൽക്കകൾ ധൂമകേതുക്കളുമായി ബന്ധപ്പെട്ടതാണെങ്കിൽ ജെമിനിഡ് ഉൽക്കാവർഷം 3200 ഫേത്തോൺ എന്ന ഛിന്നഗ്രഹത്തിൻറെ അവശിഷ്ടങ്ങൾ കാരണം സംഭവിക്കുന്നതാണ്. മണിക്കൂറിൽ 241,000 കിലോമീറ്റർ വേഗത്തിലാണ് ഈ ഉൽക്കകൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുക. വെള്ള, മഞ്ഞ, പച്ച, നീല, ചുവപ്പ് എന്നീ നിറങ്ങൾ ജെമിനിഡ് ഉൽക്കാവർഷം മാനത്ത് സൃഷ്ടിക്കും. രാസഘടനയുടെ പ്രത്യേകതകൾ കാരണമാണ് ജെമിനിഡ് ഉൽക്കാവർഷം ആകാശത്ത് നിറങ്ങളുടെ വിസ്‌മയം തീർക്കുന്നത്. ഈ ബഹിരാകാശ അവശിഷ്ടങ്ങളിലുള്ള സോഡിയവും കാൽസ്യവുമാണ് ഇതിന് കാരണം. ജെമിനിഡ് ഉൽക്കാവർഷം 1862ലാണ് ആദ്യമായി കണ്ടെത്തിയത് എന്നാണ് ചരിത്രം.
ജെമിനിഡ് ഉൽക്കാവർഷം ഏറ്റവും ആകർഷകമായി കാണണമെങ്കിൽ നഗര വെളിച്ചത്തിൽ നിന്ന് ഏറെ മാറി വാനനിരീക്ഷണം നടത്തണമെന്ന് നാസ നിർദേശിക്കുന്നു.
