ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡിന്റെ രാജിക്ക് പിന്നാലെ ജസ്റ്റിൻ ട്രൂഡോയുടെ രാഷ്ട്രീയ ജീവിതം കൂടുതൽ വെല്ലുവിളി നിറഞ്ഞതായി സർവേ. കൂടാതെ കഴിഞ്ഞ ദിവസം എൻഡിപി കൂടി ട്രൂഡോയെ കൈ ഒഴിഞ്ഞതോടെ കാര്യങ്ങൾ കൂടുതൽ അവതാളത്തിലായി. ഇതോടെ മിക്ക കനേഡിയന്മാരും നേരത്തെ തിരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നതായി ഇപ്‌സോസ് സർവേ പറയുന്നു.
കനേഡിയന്മാരിൽ പകുതിയിലധികം (53 ശതമാനം) പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെ താഴെ ഇറക്കണമെന്നും നേരത്തെയുള്ള തിരഞ്ഞെടുപ്പിന് വഴിയൊരുക്കണമെന്നും വിശ്വസിക്കുന്നതായി സർവേ പറയുന്നു. എന്നാൽ 46 ശതമാനം പേർ പ്രതിപക്ഷ പാർട്ടികൾ ഓരോ സാഹചര്യത്തിലും സർക്കാരുമായി ചേർന്ന് പ്രവർത്തിക്കണമെന്ന് വിശ്വസിക്കുന്നതായും സർവേ പറയുന്നു.
കഴിഞ്ഞ ഇപ്‌സോസ് സർവേയ്ക്ക് ശേഷം പ്രധാനമന്ത്രിയുടെ വ്യക്തിപരമായ ജനപ്രീതി അഞ്ച് ശതമാനം കുറഞ്ഞു.73 ശതമാനം പേർ ട്രൂഡോ സ്ഥാനമൊഴിയണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ 27 ശതമാനം പേർ അദ്ദേഹം പ്രധാനമന്ത്രിയായി തുടരണമെന്നും 2025 ലെ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കണമെന്നും ആഗ്രഹിക്കുന്നതായും സർവേ വ്യക്തമാക്കുന്നു. ഡിസംബർ 19, 20 തീയതികളിൽ 18 വയസ്സിനു മുകളിലുള്ള പ്രായമുള്ള 1,001 കനേഡിയൻമാരിൽ ഓൺലൈനായാണ സർവേ നടത്തിയത്.
