കൊച്ചി: സ്വാതന്ത്യദിനത്തോടനുബന്ധിച്ച് സുരക്ഷാ പരിശോധനകൾ വർധിപ്പിച്ചതോടെ നെടുമ്പാശേരി ഉൾപ്പെടെ രാജ്യത്തെ വിമാനത്താവളത്തിൽ തിരക്ക് വർധിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നിർദേശപ്രകാരം ഓഗസ്റ്റ് 20 വരെ സുരക്ഷാ പരിശോധനകൾ വർധിപ്പിച്ച കാര്യം വിമാനത്താവള അധികൃതർ നേരത്തെ അറിയിച്ചിരുന്നു. നേരത്തേ എത്തിച്ചേരണമെന്ന് വിമാനക്കമ്പനികളും യാത്രക്കാർക്ക് അറിയിപ്പ് നൽകുന്നുണ്ട്.
ആഭ്യന്തര യാത്രകൾക്ക് ഒന്നര മണിക്കൂർ മുൻപ് എത്തുന്നതിനു പകരം 3 മണിക്കൂർ മുൻപെങ്കിലും എത്തണം. ഓഗസ്റ്റ് 20 വരെ ഈ പരിശോധനകൾ തുടരും. തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഫ്രിസ്കിങ് കൗണ്ടറുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. നേരത്തെ ചെക്ക് ഇൻ കഴിഞ്ഞാൽ പരിശോധന അവസാനിക്കുമായിരുന്നു. ഇപ്പോൾ വിമാനത്തിലേക്ക് കയറുന്നതിനു മുൻപ് സെക്കൻഡറി ലാഡർ പോയിന്റ് ചെക്കിങ് (എസ്എൽപിസി) എന്നൊരു പരിശോധന കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെക്ക് ഇൻ സമയമടക്കം ലാഭിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള ഡിജി യാത്രയ്ക്ക് ഒരു കൗണ്ടർ മാത്രമേയുള്ളൂ എന്ന് യാത്രക്കാർ പറയുന്നു. ഇവിടെയും വലിയ ക്യൂ അനുഭവപ്പെട്ടതോടെ ഡിജി യാത്രക്കാർക്ക് പലർക്കും സാധാരണ ചെക്ക് ഇൻ കൗണ്ടറുകളെ ആശ്രയിക്കേണ്ടി വന്നു. സുരക്ഷാ പരിശോധനകൾ വർധിപ്പിച്ചതോടെ മുംബൈ വിമാനത്താവളത്തിൽ യാത്രക്കാരിൽ ചിലരുടെ യാത്ര മുടങ്ങിയ കാര്യം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. നേരത്തെ എത്താനുള്ള അറിയിപ്പ് എയർ ഇന്ത്യ ഉൾപ്പെടെ യാത്രക്കാർക്ക് നൽകുന്നുണ്ട്.
