അടുത്തിടെ നടത്തിയ ഒരു സര്‍വേ പ്രകാരം, കാനഡക്കാരില്‍ മൂന്നില്‍ രണ്ട് ഭാഗവും (69%) പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നവരാണ്. ലിബറല്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഫെഡറല്‍ ഭരണത്തില്‍ 72% പേര്‍ അസംതൃപ്തരാണെന്നും സര്‍വേ കണ്ടെത്തി. കാനഡയിലെ സംഘര്‍ഷഭരിതമായ രാഷ്ട്രീയ കാലാവസ്ഥയ്ക്കിടയില്‍ 2025 ഒക്ടോബറില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പൊതുജനവികാരം പുറത്തുവരുന്നത്.
ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി ഇതിനകം തന്നെ ആഭ്യന്തര കലഹത്തില്‍ പെട്ട് നട്ടംതിരിയുകയാണ്. മുന്‍ ധനമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാന്‍ഡിന്റെ രാജിയെ തുടര്‍ന്ന് ആഭ്യന്തര സംഘര്‍ഷം കൂടുതല്‍ വഷളായി. ഫ്രീലാന്‍ഡ് പോയതിനുശേഷം, ലിബറല്‍ എംപിമാരില്‍ മൂന്നിലൊന്ന് പേര്‍ യോഗംചേര്‍ന്ന് ട്രൂഡോയുടെ രാജി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ട്രൂഡോ ലിബറലുകള്‍ക്ക് ഒരു ബാധ്യതയായി മാറിയെന്നും അദ്ദേഹം തുടരുകയാണെങ്കില്‍ പാര്‍ട്ടിയുടെ സാധ്യതകള്‍ വഷളാകുമെന്നും വിശകലന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
