തീപിടിക്കാന്‍ സാധ്യതയുള്ളതിനാൽ ആയിരക്കണക്കിന് പോര്‍ട്ടബിള്‍ ചാര്‍ജറുകള്‍ തിരിച്ചുവിളിച്ച് ഹെല്‍ത്ത് കാനഡ. വാള്‍മാര്‍ട്ട്, ബെസ്റ്റ്‌ബൈ, ആമസോണ്‍ എന്നിവ വഴി വിറ്റഴിച്ച Anker 334 MagGo ബാറ്ററി പോര്‍ട്ടബിള്‍ ചാര്‍ജറുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഈ ചാര്‍ജറുകളിലുള്ള ലിഥിയം ബാറ്ററികള്‍ അമിതമായി ചൂടാവുകയും പുകയുണ്ടാവുകയും ചെയ്യുന്നു. ഇതിലെ പ്ലാസ്റ്റിക് ഘടങ്ങള്‍ ഉരുകി ചിലപ്പോള്‍ തീപിടിക്കാന്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഹെല്‍ത്ത് കാനഡ പറയുന്നു.
2024 ജനുവരിയ്ക്കും സെപ്തംബറിനുമിടയില്‍ കാനഡയില്‍ 3,000 ത്തിലധികം പവര്‍ബാങ്കുകൾ വിറ്റഴിച്ചിട്ടുണ്ട്. എന്നാല്‍ സെപ്തംബര്‍ 17 വരെ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തിരിച്ചുവിളിക്കപ്പെട്ടവയില്‍ തങ്ങളുടെ പവര്‍ബാങ്കുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആശങ്കയുള്ള ഉപഭോക്താക്കള്‍ പവര്‍ബാങ്ക് ഉപയോഗം നിര്‍ത്തണമെന്നും ഉല്‍പ്പന്നത്തിന്റെ സീരിയല്‍ നമ്പര്‍ മനസ്സിലാക്കി ബാധിക്കപ്പെട്ടവയാണെയെന്നറിയാന്‍ Anker വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.







