കാനഡയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം ഒരു ദശലക്ഷത്തിലധികമായതായി ഐആർസിസി. ജീവിതച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാനുള്ള തീരുമാനവുമായി കാനഡ മുന്നോട്ടുപോകുന്നതിനിടയിലാണ് കണക്കുകൾ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ അവസാനത്തോടെ സ്റ്റഡി പെർമിറ്റുകളുടെ എണ്ണം 1,028,850 ആയി. 526,015 പേർ ഒന്റാറിയോയിലും 202,565 പേർ ബ്രിട്ടീഷ് കൊളംബിയയിലും 117,925 പേർ ക്യൂബെക്കിലുമാണെന്ന് ഐആർസിസി വ്യക്തമാക്കി. ഈ വിസയുള്ളവരിൽ വലിയൊരു വിഭാഗവും ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളാണ്. 2023 നവംബർ വരെ, 579,075 പെർമിറ്റുകളിൽ 215,190 എണ്ണം അല്ലെങ്കിൽ 37%, 2022 ൽ 548785 ൽ 225,835 അല്ലെങ്കിൽ 41% ഇന്ത്യൻ വിദ്യാർത്ഥികളാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ പഠനാനുമതി ലഭിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം നിലവിലെ കണക്കിന്റെ പകുതിയിൽ താഴെയായിരുന്നപ്പോൾ 2018 ൽ 107,070 ആയി ഉയർന്നതായും കണക്കുകൾ പറയുന്നു.







