ന്യൂയോർക്ക്: ചിക്കാഗോയിൽ ഇന്ത്യൻ വിദ്യാർഥിക്കു നേരെ ക്രൂരമായ ആക്രമണം. സയ്യിദ് മസാഹിർ അലിയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. മസാഹിർ റോഡിലൂടെ നടന്നുപോകുമ്പോൾ മുഖംമൂടി ധരിച്ച നാലുപേർ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. അക്രമികൾ ഇദ്ദേഹത്തിന്റെ മൂക്കിടിച്ച് തകർത്തു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ”ഭക്ഷണപായ്ക്കറ്റുമായി താമസസ്ഥലത്തേക്ക് വരുമ്പോഴാണ് നാലംഗസംഘം ആക്രമിച്ചത്. മൂക്കിനിടിച്ച ആക്രമികൾ മുസാഫിറിന്റെ ഫോൺ തട്ടിപ്പറിക്കുകയും ചെയ്തു.”-എന്നാണ് സഹായമഭ്യർഥിച്ചുള്ള വിഡിയോയിൽ മസാഫിർ പറയുന്നത്. മസാഫിറിന്റെ മുഖത്തുകൂടി രക്തമൊഴുകുന്നതിന്റെ ദൃശ്യങ്ങളുണ്ട്.
ഇന്ത്യാന വെസ്‍ലയൻ യൂനിവേഴ്സിറ്റിയിലെ ഐ.ടി മാസ്റ്റേഴ്സ് വിദ്യാർഥിയാണ് മസാഹിർ. ഹൈദരാബാദ് സ്വദേശിയായ മസാഹിറിന്റെ ഭാര്യ റുഖിയ്യ ഫാത്തിമ റസ്‍വി വിദേശകാര്യമന്ത്രാലയത്തിന്റെ സഹായം തേടിയിട്ടുണ്ട്. മസാഹിറിന് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ അടിയന്തരമായി ഇടപെടണമെന്നാണ് റുഖിയ്യ വിദേശകാമന്ത്രി എസ്.ജയ്ശങ്കറിനോട് ആവശ്യപ്പെട്ടത്. മൂന്നു കൊച്ചുകുട്ടികൾക്കും തനിക്കും യു.എസിലേക്ക് പോകാനുള്ള സഹായങ്ങൾ ഒരുക്കണമെന്നും അവർ കത്തിൽ അഭ്യർഥിച്ചിട്ടുണ്ട്.







