30 വർഷത്തിനു ശേഷം കാൻ ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള പാം ഡി ഓർ പുരസ്‌കാരത്തിനായി മത്സരിക്കാനൊരുങ്ങി ഇന്ത്യൻ ചിത്രം. പായൽ കപാഡിയ സംവിധാനംചെയ്ത ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രമാണ് മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പായലിന്റെ ആദ്യ സംവിധാനസംരംഭം കൂടിയാണ് ചിത്രം. കാൻ ചലച്ചിത്ര മേളയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രഭ എന്ന നഴ്സിന്റെ കഥയാണ് ചിത്രം പറയുന്നത്. മലയാളി നടിമാരായ ദിവ്യപ്രഭയും കനി കുസൃതിയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. അടുത്തമാസം 14 മുതൽ 25 വരെയാണ് മേള. പായലിന്റെ ‘എ നൈറ്റ് ഒഫ് നോയിംഗ് നത്തിംഗ്’ എന്ന ഡോക്യുമെന്ററിക്ക് 2021ൽ കാനിൽ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ ബഹുമതി ലഭിച്ചിരുന്നു. ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ ‘മെഗലോപൊലിസ്’, പോൾ ഷ്രേഡറുടെ ‘ഓ കാനഡ’ തുടങ്ങിയ ചിത്രങ്ങളോടാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് മത്സരിക്കുക.
അസീസ് നെടുമങ്ങാട്, ഹൃദു ഹാറൂൺ എന്നിവരും ആനന്ദ് സ്വാമി (തമിഴ്), ചായ കഥം, ലവ്‌ലീൻ മിശ്ര (ഹിന്ദി) എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.
30 വർഷത്തിനു ശേഷം കാൻ ചലച്ചിത്ര മേളയിൽ മത്സരിക്കാൻ ഒരുങ്ങി ഇന്ത്യൻ സിനിമ
Reading Time: < 1 minute






