മുംബൈ: നടൻ സൽമാൻ ഖാൻ്റെ മുംബൈയിലെ വസതിക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു പൊലീസ്. കസ്റ്റഡിയിലെടുത്തവർ അക്രമികൾക്ക് വാഹനവും സഹായവും നൽകിയവരെന്നാണ് സൂചന. വെടിവെപ്പിന് പിന്നിൽ കുപ്രസിദ്ധ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബൈക്കിലെത്തി വെടിവെപ്പ് നടത്തിയതിൽ ഒരാൾ ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള പിടികിട്ടാപ്പുള്ളിയായ ഹരിയാന സ്വദേശി വിശാലാണെന്ന് തിരിച്ചറിഞ്ഞു. അതേസമയം, വിശാലിനൊപ്പം ബൈക്കിലുണ്ടായിരുന്ന രണ്ടാം പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. ഒളിവിലുള്ള പ്രതികൾക്കായി പോലീസ് മുംബൈയ്ക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു.
സംഭവം ആസൂത്രണം ചെയ്തത് യുഎസിൽ താമസിക്കുന്ന ഗുണ്ടാസംഘങ്ങളാണെന്ന് മുംബൈ പോലീസ്(Mumbai Police) വൃത്തങ്ങൾ അറിയിച്ചു. ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ ഇളയ സഹോദരൻ അൻമോൽ ബിഷ്ണോയി ഫെയ്സ്ബുക്ക് പോസ്റ്റിൽ വെടിവയ്പ്പിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെയാണ് ഇക്കാര്യം പുറത്തുവന്നത്. എന്നാൽ ഒരു വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് (VPN) വഴി പങ്കിട്ട പോസ്റ്റിൻ്റെ ഐ.പി വിലാസം യുഎസിലെ കാലിഫോർണിയ ആണെന്നും ഉറവിടങ്ങൾ പറഞ്ഞു.
പ്രതികൾ ഉപയോഗിച്ചിരുന്ന ബൈക്ക് പൊലീസ് കണ്ടെടുത്തിരുന്നു. ബാന്ദ്രയിലെ താരത്തിന്റെ വസതിയായ ഗാലക്സി അപ്പാർട്ട്മെന്റിന് നേരെ ഇന്നലെ പുലർച്ചെ 5 മണിയോടെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ അക്രമികൾ മൂന്ന് റൗണ്ട് വെടിയുതിർത്തു . സംഭവ സമയത്ത് സൽമാൻ ഖാൻ വീട്ടിലുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ചുവരിൽ നിന്നും വെടിയുണ്ട കണ്ടെത്തിയതോടെ വിദേശ നിർമ്മിത തോക്കാണ് അക്രമികൾ ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം കുപ്രസിദ്ധ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ ഏറ്റെടുത്തെങ്കിലും ഇക്കാര്യത്തിൽ പോലീസ് മൗനം തുടരുകയാണ്.
സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പ്; മൂന്ന് പേർ കസ്റ്റഡിയിൽ, ആസൂത്രണം ചെയ്തത് യുഎസിൽ!
Reading Time: < 1 minute






