dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #World

ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള മറ്റൊരു ഗ്രഹം കണ്ടെത്തി ശാസ്ത്രലോകം

Reading Time: < 1 minute

വാഷിങ്ടണ്‍: ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള 40 പ്രകാശവര്‍ഷം അകലെ മീനരാശിയില്‍ സ്ഥിതി ചെയ്യുന്ന ഗ്ലീസ് 12 ബി എന്ന ഗ്രഹം കണ്ടെത്തി ശാസ്ത്രലോകം. ഈ ഗ്രഹം വാസയോഗ്യമാകാമെന്നാണ് നിഗമനം. റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ പ്രതിമാസ പ്രസിദ്ധീകരണത്തിലാണ് കണ്ടെത്തലിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ഗ്ലീസ് 12 ബി ഭൂമിയേക്കാള്‍ അല്‍പം ചെറുതും ശുക്രനുമായി സാമ്യമുള്ളതുമാണ്. ഉപരിതല താപനില 107 ഡിഗ്രി ഫാരന്‍ഹീറ്റ് (42 ഡിഗ്രി സെല്‍ഷ്യസ്) ആയതിനാല്‍ ജലം ദ്രാവകരൂപത്തില്‍ നിലനില്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ഭൂമിയുടെ ശരാശരി താപനിലയേക്കാള്‍ കൂടുതലാണെങ്കിലും മറ്റ് പല എക്‌സോപ്ലാനറ്റുകളേക്കാളും വളരെ കുറവാണെന്നതാണ് പ്രധാന ഘടകം.
ഗ്ലീസ് 12 ബിയില്‍ അന്തരീക്ഷമുണ്ടോ എന്നതാണ് പ്രധാന ആശങ്ക. ഭൂമിക്ക് സമാനമായ അന്തരീക്ഷം ഉണ്ടായിരിക്കാമെന്നതാണ് നിഗമനം. അങ്ങനെയെങ്കില്‍ ജീവന്‍ നിലനില്‍ക്കാനുള്ള സാധ്യത കൂടുതലാണെന്നും പറയുന്നു. അതേസമയം, ശുക്രനെപ്പോലെ ചുട്ടുപൊള്ളുന്ന അന്തരീക്ഷം ഉണ്ടായിരിക്കാമെന്നും അന്തരീക്ഷമില്ലായിരിക്കാമെന്നും അഭിപ്രായമുയരുന്നു. യൂണിവേഴ്സിറ്റി ഓഫ് എഡിന്‍ബര്‍ഗ്, യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍ എന്നിവിടങ്ങളില്‍ ഡോക്ടറല്‍ വിദ്യാര്‍ത്ഥിനിയായ ലാറിസ പലേതോര്‍പ്പും ശിശിര്‍ ധോലാകിയയുമാണ് ഗ്രഹം കണ്ടെത്തിയത്.
ഗ്ലീസ് 12 ബിയുടെ മാതൃ നക്ഷത്രം സൂര്യന്റെ വലിപ്പത്തിന്റെ 27 ശതമാനവും 60 ശതമാനം താപനിലയുമുള്ളത്. നക്ഷത്രവും ഗ്രഹവും തമ്മിലുള്ള ദൂരം ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരത്തിന്റെ 7 ശതമാനം മാത്രമാണ്. അതുകൊണ്ടു തന്നെ നക്ഷത്രത്തില്‍ നിന്ന്, ഭൂമിക്ക് സൂര്യനില്‍ നിന്ന് ലഭിക്കുന്നതിന്റെ 1.6 മടങ്ങ് കൂടുതല്‍ ഊര്‍ജം ലഭിക്കുന്നു. ഗ്രഹത്തില്‍ ഏത് തരത്തിലുള്ള അന്തരീക്ഷം ഉണ്ടെന്ന് മനസ്സിലാക്കുക എന്നതാണ് ലക്ഷ്യമെന്നും ഭൂമിക്കും ശുക്രനും സൂര്യനില്‍ നിന്ന് ലഭിക്കുന്ന പ്രകാശത്തിന്റെ അളവിന് ഇടയില്‍ ഗ്ലീസ് 12 ബിക്ക് ലഭിക്കുന്നതിനാല്‍, ഇവ തമ്മിലുള്ള വിടവ് നികത്തുന്നതിന് കണ്ടെത്തല്‍ പ്രധാനമാണെന്നും ശിശിര്‍ ധോലാകിയ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *