കനേഡിയൻ പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ നിന്ന് ഡീപോർട്ടേഷൻ ഭീതി നേരിടുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ നടത്തുന്ന നിരാഹാര സമരം രണ്ടാം വാരത്തിലേക്ക്. ചൊവ്വാഴ്ച മുതൽ ദ്രാവകം കഴിക്കുന്നത് പോലും ഒഴിവാക്കി സമ്പൂർണ നിരാഹാര സമരം നടത്തുകയാണ് പ്രതിഷേധക്കാർ. കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രവിശ്യാ നിയമങ്ങളിൽ മാറ്റം വരുത്തിയതിന് ശേഷം നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ നാടുകടത്തൽ നേരിടുന്ന സാഹചര്യത്തിലാണ് നിരാഹാര സമരം. 50 ഓളം വിദ്യാർത്ഥികൾ ഇതിനകം കാനഡ വിട്ടതായി ഇന്ത്യൻ പ്രതിഷേധക്കാരിൽ ഒരാൾ പറഞ്ഞു.
അഞ്ച് വർഷമായി പിഇഐയിൽ താമസിക്കുകയും ഇൻ്റർനെറ്റ് സെയിൽസ് റെപ്രസൻ്റേറ്റീവായി പ്രവർത്തിക്കുകയും ചെയ്യുന്ന രൂപീന്ദർ സിംഗ്, ജൂലൈ 14 ന് തൻ്റെ വർക്ക് പെർമിറ്റ് അവസാനിക്കുന്ന മുറയ്ക്ക് തന്നെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് പറയുന്നു. കനേഡിയൻ പ്രവിശ്യയിൽ ഇതിനകം താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന കുടിയേറ്റക്കാർക്ക് പുതിയ നിയമങ്ങൾ ബാധകമായതിനാൽ PEI യുടെ നീക്കം അന്യായമാണെന്ന് സിംഗ് പറഞ്ഞു. ഒരു കാനഡക്കാരൻ നൽകുന്നതിനേക്കാൾ മൂന്നിരട്ടി ഉയർന്ന വിദ്യാഭ്യാസ ഫീസ് നൽകിയിട്ടും ഇമിഗ്രേഷൻ നിയമങ്ങളിൽ പെട്ടെന്നുള്ള മാറ്റങ്ങൾ കാരണം ഇന്ത്യൻ വിദ്യാർത്ഥികൾ ദുരിതമനുഭവിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
2024-ൽ സ്ഥിരതാമസത്തിനുള്ള തൊഴിലാളികളുടെ എണ്ണം 2,100-ൽ നിന്ന് 1,600 ആയി കുറയ്ക്കാനുള്ള പ്രിൻസ് എഡ്വേർഡ് ഐലൻഡ് (PEI) സർക്കാർ തീരുമാനത്തിൻ്റെ പശ്ചാത്തലത്തിലാണ് സമരം നടക്കുന്നത്. പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി) വഴി കാനഡയിൽ സ്ഥിര താമസത്തിനായി നോമിനേറ്റ് ചെയ്യപ്പെടുന്ന മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ ഇത് കുറയ്ക്കും.
കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ നിരാഹാര സമരം തുടരുന്നു
Reading Time: < 1 minute






