യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി റിപ്പബ്ലിക്കൻ പാർട്ടി ഡോണാൾഡ് ട്രംപിനെ പ്രഖ്യാപിച്ച് കഴിഞ്ഞു. പിന്നാലെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഒഹായോ സെനറ്റർ ജെ.ഡി വാൻസിനെയും ട്രംപ് പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിന് പിന്നാലെ വാൻസിന്റെ ഇന്ത്യൻ വംശജയായ ഭാര്യ ഉഷ ചിലുകുരിയെ കുറിച്ചുള്ള വിവരങ്ങളാണ് ചർച്ചയാകുന്നത്. യുഎസ് സർക്കാരിൽ അറ്റോർണിയാണ് ഉഷ.
ഉഷ വാൻസിന്റെ മാതാപിതാക്കൾ ആന്ധ്രപേദേശിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ്. നിയമ രംഗത്ത് പ്രവർത്തിക്കുന്ന അവർ യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദവും കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. യേൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോഴാണ് വാൻസിനെ കണ്ടു മുട്ടുന്നത്. അവിടെ ഒരു അക്കാദമിക് പ്രോജക്ടിന്റെ ഭാഗമായി ഇരുവരും ഒന്നിച്ചു പ്രവർത്തിച്ചിരുന്നു. 2014ൽ ഇരുവരും വിവാഹിതരായി. ഹിന്ദു പുരോഹിതനാണു ചടങ്ങിനു നേതൃത്വം നൽകിയത് എന്നത് ശ്രദ്ധേയമാണ്. ഇവാൻ, വിവേക്, മിറാബെൽ എന്നിവരാണ് മക്കൾ.
‘ഹിൽബില്ലി എലജി’ എന്ന ഓർമ്മക്കുറിപ്പുകളിലൂടെയാണ് ജെ.ഡി വാൻസ് ദേശീയശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇത് എഴുതുന്നതിൽ ഉഷാ വാൻസ് വഹിച്ച പങ്ക് വളരെ വലുതായിരുന്നു. 2020-ൽ റോൺ ഹോവാർഡ് സിനിമയായി പുസ്തകത്തെ അഭ്രപാളികളിലെത്തിച്ചിരുന്നു. ഓഹിയോ സെനറ്റ് സീറ്റിൽ വിജയിച്ചതിന് പിന്നാലെയാണ് ഏറ്റവുമൊടുവിലായി ഉഷാ ചിലുകുരി പൊതുജനങ്ങൾക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടത്.
രാഷ്ട്രീയ എതിരാളികൾക്ക് നേരെ കടുത്ത പരാമർശങ്ങൾ നടത്തി ശ്രദ്ധനേടിയിട്ടുള്ള വാൻസ് തുടക്കത്തിൽ ട്രംപിന്റെയും വിമർശകനായിരുന്നു. എന്നാലിപ്പോൾ ഇരുവരും അടുപ്പക്കാരാണ്. യുഎസ് സൈനികനായി ഇറാഖിൽ ഉൾപ്പെടെ പ്രവർത്തിച്ചിട്ടുണ്ട്. ബിസിനസ് രംഗത്തും ശ്രദ്ധ നേടിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് എന്ന നിലയിൽ വാൻസ് രാജ്യത്തിന്റെ ഭരണഘടനയ്ക്കുവേണ്ടി പോരാടുന്നത് തുടരുമെന്നും സൈനികർക്കൊപ്പം നിൽക്കുമെന്നും ഉറപ്പുണ്ടെന്ന് ട്രംപ് പറഞ്ഞു.
യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ജെ.ഡി വാൻസിന്റെ ഇന്ത്യൻ വംശജയായ ഭാര്യ : ഉഷ വാൻസിനെ കുറിച്ച് അറിയാം
Reading Time: < 1 minute






