ഭീകരവാദികൾ കാനഡയിലേക്ക് കുടിയേറിയത് എങ്ങനെയാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കൺസർവേറ്റീവ് ഹൗസ് ലീഡർ ആൻഡ്രൂ ഷീർ. അയാൾ കാനഡയിലേക്ക് കുടിയേറി പൗരനാകാനുള്ള കാനഡയുടെ സ്ക്രീനിംഗ് പ്രക്രിയയിൽ നിന്ന് എങ്ങനെ ഒഴിഞ്ഞുമാറിയെന്ന് അറിയാൻ കനേഡിയൻമാർക്ക് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടൊറന്റോയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസുമായി ബന്ധമുള്ള അറുപത്തിരണ്ടുകാരനായ അഹമ്മദ് ഫൗദ് മൊസ്തഫ എൽഡിദിയെയും മകൻ മൊസ്തഫ എൽഡിദിയെയും ഒൻ്റാറിയോയിലെ റിച്ച്മണ്ട് ഹില്ലിൽ വച്ചാണ് അറസ്റ്റ് ചെയ്തിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖിനും ലെവൻ്റിനും വേണ്ടി കൊലപാതക ഗൂഢാലോചന ഉൾപ്പെടെ ഒമ്പത് വ്യത്യസ്ത ഭീകരവാദ കുറ്റങ്ങൾ കഴിഞ്ഞയാഴ്ച ഇവർക്കെതിരെ ചുമത്തിയിരുന്നു. ഇവർക്ക് എന്തുകൊണ്ടാണ് പൗരത്വം നൽകിയതെന്ന് വ്യക്തമാക്കമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം.
ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഭീകരവാദികളെ കാനഡയിലേക്ക് വരാൻ അനുവദിച്ചതും ഇവിടെ ആക്രമണം ആസൂത്രണം ചെയ്യാൻ അവർക്ക് സാധിച്ചതും വലിയ ദേശീയ സുരക്ഷാ പരാജയമാണെന്ന് ഷീർ പറയുന്നു. എന്താണ് സംഭവിച്ചതെന്ന് സർക്കാർ വിശദീകരിക്കുക മാത്രമല്ല, കുടിയേറ്റ സമയത്ത് ദേശീയ സുരക്ഷാ പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ മറ്റാർക്കെങ്കിലും കഴിയുമെങ്കിൽ അവർ കനേഡിയൻമാരോട് പറയണമെന്നും ഷീർ പറയുന്നു.







