പാരിസ്: ഇന്ത്യൻ വനിത ഗുസ്തി താരം വിനേഷ് ഫോഗട്ട് നീർജലീകരണത്തെ തുടർന്ന് ആശുപത്രിയിൽ. ഭാരം കുറയ്ക്കാനായി രാത്രി മുഴുവൻ കഠിന പ്രയത്നമാണ് താരം നടത്തിയത്. ഒളിംപിക്സിൽ അയോഗ്യയാക്കപ്പെട്ട അറിയിപ്പ് പുറത്തുവരുമ്പോൾ വിനേഷ് ആശുപത്രിയിൽ ആയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
മത്സരത്തിന് 14 മണിക്കൂർ മുൻപാണ് ഭാര പരിശോധന നടത്തുക. സെമി ഫൈനൽ മത്സരത്തിന് പിന്നാലെ താരത്തിന് ശരീര ഭാരം കൂടുതലെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഭാരം കുറയ്ക്കാനുള്ള തീവ്ര നടപടികളിലേക്ക് വിനേഷ് ഫോഗട്ട് നീങ്ങിയത്. പതിവ് ഭക്ഷണം പോലും താരം ഉപേക്ഷിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ രാവിലെ നടത്തിയ പരിശോധനയിൽ താരത്തിന്റെ ഭാരം 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയത്.
പാരിസ് ഒളിംപിക്സിൽ പ്രീക്വാർട്ടറിൽ നിലവിലെ 50 കിലോഗ്രാം വിഭാഗത്തിലെ സ്വർണമെഡൽ ജേതാവായ ജപ്പാൻ താരം സുസാകി യുയിയെ പരാജയപ്പെടുത്തിയാണ് വിനേഷ് ക്വാർട്ടറിൽ പ്രവേശിച്ചത്. പിന്നാലെ യുക്രെയ്ന് താരം ഒക്സാന ലിവാച്ചിനെ പരാജയപ്പെടുത്തി സെമിയിലേക്കും വിജയിച്ചു. സെമിയിൽ ക്യൂബൻ താരം യുസ്നെലിസ് ലോപ്പസിനെ പരാജയപ്പെടുത്തിയാണ് വിനേഷിന്റെ വിജയം. 5-0 എന്ന സ്കോറിന് സെമിയിൽ വിജയിച്ചാണ് ഇന്ത്യൻ താരം സ്വർണമെഡലിനായുള്ള പോരാട്ടത്തിന് യോഗ്യത നേടിയത്.







