പെണ്‍കുട്ടികളുടെ വിവാഹപ്രായം 9 വയസായി നിജപ്പെടുത്താനുള്ള ഉദ്ദേശവുമായി ഇറാഖ് ജസ്റ്റിസ് മന്ത്രാലയം അവതരിപ്പിച്ച ബില്ലാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നത്. പെണ്‍കുട്ടികളുടെ നിയമപരമായ വിവാഹപ്രായം 18 വയസില്‍ നിന്നും വെറും 9 വയസ്സായി കുറയ്ക്കാനുള്ള ശ്രമമാണ് ഇറാഖ് പാര്‍ലമെന്റില്‍ നടക്കുന്നത്. ഇറാഖ് നീതിന്യായ മന്ത്രാലയം അവതരിപ്പിച്ച വിവാദ നിയമനിര്‍മ്മാണ ബില്ല നിലവില്‍ വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 ആയി നിജപ്പെടുത്തുന്ന രാജ്യത്തിന്റെ വ്യക്തിഗത നിയമത്തില്‍ ഭേദഗതി വരുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്.
മറ്റൊരു ഭീകരമായ മനുഷ്യാവകാശ- ലിംഗ നീതി പ്രശ്നവും ഇറാഖ് ജസ്റ്റിസ് മിനിസ്റ്ററി മുന്നോട്ട് വെയ്ക്കുന്ന നിയമത്തിലുണ്ട്. കുടുംബകാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ മത അധികാരികള്‍ക്ക് അവസരം ഒരുക്കാന്‍ കൂടി ഉദ്ദേശിച്ചുള്ളതാണ് പുതിയ ഭേദഗതി ബില്ല. മതാധികാരികള്‍ വിഷയത്തില്‍ തീരുമാനമെടുക്കണോ അതോ സിവില്‍ ജുഡീഷ്യറി തീരുമാനമെടുക്കണോയെന്ന കാര്യത്തില്‍ പൗരന് തീരുമാനമെടുക്കാന്‍ അവസരം നല്‍കുന്നതാണ് പുതിയ ബില്ല്. അതായത് വ്യക്തിഗത നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കോടതികള്‍ക്കും നീതിന്യായ വ്യവസ്ഥയ്ക്കും അപ്പുറം മതാധികാരികള്‍ ന്യായം വിധിച്ചാല്‍ മതിയെന്ന് പ്രതിയ്ക്കോ വാദിയ്ക്കോ തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്.
വിവാഹമോചനം, അനന്തരാവകാശം, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിന് ഈ നിയമം ഇടയാക്കുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ബില്ല് ഇറാഖ് പാര്‍ലമെന്റ് പാസാക്കിയാല്‍ 9 വയസ് മുതല്‍ പെണ്‍കുട്ടികളുടെ നിയമപരമായ വിവാഹം സാധ്യമാകും. ഒരാള്‍ക്കും ചോദ്യം ചെയ്യാനാവാത്ത വിധം ബാലവിവാഹം നിയമസാധുത നേടും. ആണ്‍കുട്ടികളുടെ വിവാഹപ്രായം 15 ആയും നിജപ്പെടുത്താനാണ് ഇറാഖ് ശ്രമിക്കുന്നത്.







