സാൽമോണെല്ല ബാക്ടീരിയ ആശങ്കകൾ കാരണം മൂന്ന് പ്രവിശ്യകളിൽ നാളികേര ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി. ആൽബെർട്ട, ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ എന്നിവിടങ്ങളിൽ നിന്നും ഉൽപന്നങ്ങൾ തിരിച്ചുവിളിച്ചിട്ടുണ്ട്. 400 ഗ്രാം പാക്കേജുകളിലായി F2-23 11358 എന്ന പ്രൊഡക്ട് കോഡുമുള്ള Hải Yen Ocean Swallow ബ്രാൻഡിൻ്റെ ശീതീകരിച്ച നാളികേര ഉൽപ്പന്നങ്ങളാണ് ഏജൻസി വ്യാഴാഴ്ച തിരിച്ചുവിളിച്ചിരിക്കുന്നത്.
എന്നാൽ ഉൽപ്പന്നവുമായി ബന്ധപ്പെട്ട് അസുഖങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സിഎഫ്ഐഎ അറിയിച്ചു. ഈ ഉൽപ്പന്നങ്ങൾ കഴിക്കരുതെന്നും ഒന്നുകിൽ അവ ഉപേക്ഷിക്കുകയോ വാങ്ങിയ സ്ഥലത്ത് തിരികെ നൽകുകയോ ചെയ്യണമെന്ന് ഏജൻസി വ്യക്തമാക്കി. സാൽമോണെല്ല കലർന്ന ഭക്ഷണം കേടായതായി കാണപ്പെടുകയോ മണക്കുകയോ ചെയ്യില്ല. ഗുരുതരമായ നിര്‍ജലീകരണമാണ് സാല്‍മോണല്ലയുണ്ടാക്കുന്ന മറ്റൊരു പ്രശ്‌നം. വയറിളക്കമോ ഛര്‍ദ്ദിയോ മൂലം ശരീരത്തിലെ മുഴുവന്‍ ജലാംശവും നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ശക്തമായ വയറുവേദന, ഛര്‍ദ്ദി, വയറിളക്കം, ശരീരവേദന, തലവേദന, ക്ഷീണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.
ചെറിയ കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞ ആളുകൾ എന്നിവർക്ക് ഗുരുതരമായ അണുബാധയ്ക്കും മരണത്തിനും സാധ്യത കൂടുതലാണ്.







