മങ്കിപോക്സ് ലോകവ്യാപകമാകുന്ന സാഹചര്യത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് മങ്കിപോക്സില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. റിപ്പബ്ലിക് ഓഫ് കോംഗോയില്‍ പൊട്ടിപ്പുറപ്പെട്ട മങ്കിപോക്സ് അതിവേഗം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് ജാഗ്രതാ നിര്‍ദേശവും അടിയന്തരാവസ്ഥയും ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്.
കാനഡയിലും മങ്കിപോക്‌സ് കേസുകള്‍ വര്‍ധിക്കുന്നതായി ഹെല്‍ത്ത് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ടൊറന്റോയിലും ഓട്ടവയിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എന്താണ് മങ്കിപോക്സ്? ലക്ഷണങ്ങള്‍
1958 ലാണ് ആദ്യമായി മങ്കിപോക്സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കുരങ്ങനിലായതിനാല്‍ ആ പേരില്‍ രോഗം അറിയപ്പെടുകയായിരുന്നു. വൈറസ് ബാധിച്ച കുരങ്ങ്, അണ്ണാന്‍, എലി പോലെയുള്ള ജീവികളില്‍ നിന്നാണ് ഈ രോഗം മനുഷ്യരിലേക്ക് പകര്‍ന്നത്. പനി, തലവേദന, ശരീരം വേദന, ശരീരത്തില്‍ കുമിളകള്‍ പൊന്തുക, എന്നിവയാണ് പ്രധാന ലക്ഷണം. ചിക്കന്‍പോക്സിന് സമാനമായ പഴുപ്പും വെള്ളവും നിറഞ്ഞ കുമിളകളാകും ശരീരത്തില്‍ പ്രത്യക്ഷപ്പെടുക. രോഗം ബാധിച്ചവരുമായി അടുത്തിടപഴകുന്നതോടെയാണ് മങ്കിപോക്സ് പിടിപെടുന്നത്. സാധാരണയായി വലിയ പ്രശ്നമുണ്ടാക്കില്ലെങ്കിലും ചിലരില്‍ രോഗം മരണകാരണമായേക്കാം. വൈറസ് ബാധിച്ചാല്‍ 5 മുതല്‍ 21 വരെയുള്ള ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പുറത്തുവരും. രണ്ട് മൂന്നാഴ്ചയ്ക്കുള്ളില്‍ സാധാരണയായി രോഗി സുഖം പ്രാപിക്കാറുണ്ട്.







