ടൊറന്റോയിലെ വാഹന മോഷണങ്ങൾ തടയാൻ ക്യാമ്പയിൻ ആരംഭിക്കുകയാണ് ടൊറന്റോ പോലീസ് വകുപ്പ് (ടിപിഎസ്). വാഹന മോഷണത്തിന് പിന്നിലുള്ള കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിവരങ്ങൾ നൽകുന്നവർക്ക് 5000 ഡോളർ റിവാർഡ് പ്രഖ്യാപിച്ചിരിക്കുകയാണ് ടിപിഎസ്. വാഹന മോഷണത്തിന്റെ വർദ്ധിച്ചുവരുന്ന ആഘാതത്തെക്കുറിച്ച് അവബോധനം വർദ്ധിപ്പിക്കുകയാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.
കാർ ജാക്കിംഗ്, വീട്ടിൽ അതിക്രമിച്ച് വാഹന മോഷണം എന്നിവ ഉൾപ്പെടെയുള്ള വാഹന മോഷണങ്ങളുടെ എണ്ണവും ഈ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിൽ വർദ്ധിച്ചുവരുന്ന അക്രമം, ഭീഷണി, ആയുധ ഉപയോഗം എന്നിവയും ടൊറന്റോയിലും രാജ്യമൊട്ടുക്കും ഗണ്യമായ സമൂഹ ആശങ്കയ്ക്ക് കാരണമായതായി ടൊറന്റോ പോലീസ് ചീഫ് മൈറോൺ ദെമികിവ് പറഞ്ഞു.
2023-ൽ 40 മിനിറ്റിൽ ഒരു കാർ മോഷണം ചെയ്യപ്പെട്ടതായി പോലീസ് പറയുന്നു. അതായത് ഏകദേശം 790 മില്യൺ ഡോളർ വിലമതിക്കുന്ന 12,000 വാഹനങ്ങൾ. ഈ വർഷം ടൊറന്റോയിൽ ജനുവരി മുതൽ 5300 വാഹനങ്ങൾ മോഷണം പോയി. കമ്മ്യൂണിറ്റി സുരക്ഷയ്ക്കും വാഹന മോഷണത്തെ ഇല്ലാതാക്കാനും ഏകദേശം 100 മില്യൺ ഡോളർ ഉപയോഗിച്ച് അഞ്ച് പുതിയ പോലീസ് ഹെലികോപ്റ്ററുകൾ വാങ്ങുമെന്ന് പ്രവിശ്യാ സർക്കാർ വ്യക്തമാക്കിയിരുന്നു.
വാഹന മോഷണം തടയാൻ റിവാർഡ് പ്രഖ്യാപിച്ച് ടൊറന്റോ പോലീസ്
Reading Time: < 1 minute






