കുട്ടികളുടെ ടീഷർട്ടിൽ എഴുതിയ വാചകത്തിന്റെ പേരിൽ ഉൽപന്നം പിൻവലിച്ച് സാറ. ദ്വയാർഥം വരുന്ന വാചകമാണ് സാറ ടീഷർട്ടിൽ ഉൾപ്പടെുത്തിയതെന്ന വിമർശനം കടുത്തതോടെയാണ് മാപ്പ് പറഞ്ഞ് ഉൽപന്നം പിൻവലിച്ച് കമ്പനിക്ക് തലയൂരേണ്ടി വന്നത്. 14 ഡോളർ വില വരുന്ന ടീഷർട്ടാണ് കമ്പനിക്ക് പിൻവലിക്കേണ്ടി വന്നത്. “The Perfect Snack” എന്നാണ് ടീഷർട്ടിൽ സാറ എഴുതിയിരുന്നത്. ഒരു സ്ട്രോബറിയുടെ ചിത്രവും ടീഷർട്ടിൽ ഉൾപ്പെടുത്തിയിരുന്നു. ദ്വയാർഥം നിറഞ്ഞതാണ് ടീഷർട്ടിലെ എഴുത്തും ചിത്രവുമെന്ന് കമ്പനിയുടെ സ്റ്റോറിലെത്തിയ ഒരാൾ ആരോപണം ഉന്നയിച്ചതോടെ സംഭവം വിവാദമായത്.
ടീഷർട്ടിന്റെ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുക കൂടി ചെയ്തതോടെ വിവിധ കോണുകളിൽ നിന്നും വൻ വിമർശനം ഉയർന്നു. ഇതോടെ സംഭവത്തിൽ വിശദീകരണവുമായി സാറ തന്നെ രംഗത്തെത്തി. ടീഷർട്ടിലെ വാചകങ്ങൾ ദ്വയാർഥം ഉദ്ദേശിച്ചല്ല ഉൾപ്പെടുത്തിയതെന്ന് സാറ വിശദീകരിച്ചു. എന്നാൽ, ഈ വാചകങ്ങളെ ചിലർ വേറൊരു രീതിയിലാണ് കാണുന്നതെന്ന് തങ്ങൾ മനസിലാക്കുന്നു. അതിനാൽ സ്റ്റോറുകളിൽ നിന്നും വെബ്സൈറ്റിൽ നിന്നും ഉൽപന്നം പിൻവലിക്കുകയാണെന്നും സാറ അറിയിച്ചു.







