തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുമ്പോള്‍ സര്‍ക്കാര്‍ കൂടുതല്‍ ഭാഗങ്ങള്‍ ഒഴിവാക്കിയെന്ന് ആരോപണം. 21 പാരഗ്രാഫുകള്‍ ഒഴിവാക്കാനാണ് വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. ഇതിന് വിരുദ്ധമായി കൂടുതല്‍ ഭാഗങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കിയെന്നാണ് ആരോപണം ഉയരുന്നത്. ആകെ 129 പാരഗ്രാഫുകളാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്. റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ സര്‍ക്കാര്‍ ഒഴിവാക്കി. ഇത് ഒഴിവാക്കിയുള്ള റിപ്പോര്‍ട്ട്് പുറത്തുവിട്ടതിലൂടെ സുപ്രധാന വിവരങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെച്ചുവെന്നാണ് ആക്ഷേപം. വിവരാവകാശ നിയമ പ്രകാരം റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി അപേക്ഷകര്‍ക്ക് നല്‍കിയ അറിയിപ്പിലും ഈ ഭാഗം ഒഴിവാക്കുന്നത് വ്യക്തമാക്കിയിരുന്നില്ല. സ്വകാര്യ വിവരങ്ങള്‍ ഒഴിവാക്കാന്‍ വിവരവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കൂടുതല്‍ പാരഗ്രാഫുകള്‍ ഒഴിവാക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കൂടുതല്‍ ഒന്നും വിശദീകരിക്കാനില്ലെന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നിലപാട് നേരത്തെ വിശദീകരിച്ചതാണ്. ഇനി കൂടുതലൊന്നും പറയാനില്ല. തുടര്‍ നടപടി കോടതി തീരുമാനിക്കട്ടെയെന്നും സജി ചെറിയാന്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആകില്ലെന്ന് മുന്‍ മന്ത്രി എ കെ ബാലന്‍ പറഞ്ഞു. അന്വേഷണം നടത്തിയശേഷം മാത്രമെ കേസില്‍ തീരുമാനം എടുക്കാനാകു. ഹൈക്കോടതി പത്തിന് കേസ് പരിഗണിക്കുമ്പോള്‍ വ്യക്തത വരും.പരാതിക്കാര്‍ മുമ്പില്‍ ഇല്ല പിന്നിലാണെന്നും എകെ ബാലന്‍ പറഞ്ഞു.







