പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ ഘാതകനെ ഖാലിസ്ഥാന്‍ അനുകൂല സംഘടന റാലിയില്‍ ആദരിച്ചു. 1995 ആഗസ്ത് 31നാണ് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിംഗ് കൊല്ലപ്പെട്ടത്. ബിയാന്ത് സിങ്ങിനെ കൊലപ്പെടുത്തിയതിന്റെ 29-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഖാലിസ്ഥാന്‍ അനുകൂലികള്‍ വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുമ്പില്‍ ‘ബിയാന്ത് ബോംബെഡ് ടു ഡെത്ത്,’ ഫ്ളോട്ട് അവതരിപ്പിക്കുകയും ചാവേര്‍ ബോംബര്‍ ദിലാവര്‍ സിംഗ് ബബ്ബറിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. ടൊറന്റോയിലും സമാനമായ റാലി നടന്നിരുന്നു. ഖാലിസ്ഥാന്‍ റഫറണ്ടം എന്ന് വിളിക്കപ്പെടുന്ന പ്രചാരകരെ ദിലാവര്‍ സിംഗിന്റെ ‘സന്തതികള്‍’ എന്ന് വിശേഷിപ്പിച്ച ഇന്ദര്‍ജീത് സിംഗ് ഗോസലാണ് ഇതിന് നേതൃത്വം നല്‍കിയത്.
നേരത്തെ ജൂണില്‍ ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലെ ബ്രാംപ്ടണില്‍ ഇന്ദിരാഗാന്ധിയെ കൊലപ്പെടുത്തിയതിന്റെ ഫ്ളോട്ട് അവതരിപ്പിച്ചിരുന്നു.
ഓപ്പറേഷന് ബ്ലൂസ്റ്റാറിന്റെ 39-ാം വാര്‍ഷികത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ 9ന് ഖാലിസ്ഥാന്‍ അനുകൂലികളാണ് പരേഡ് സംഘടിപ്പിച്ചത്.
1984-ല്‍ അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ നിന്ന് ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയെയും മറ്റ് സിഖ് തീവ്രവാദികളെയും നീക്കം ചെയ്യുന്നതിന് ഇന്ത്യന്‍ സേന നടത്തിയ ഓപ്പറേഷന് ബ്ലൂസ്റ്റാറിന് പിന്നാലെയാണ് ഇന്ദിരാഗാന്ധി അംഗരക്ഷകരാല്‍ വധിക്കപ്പെട്ടത്. പരേഡിലെ പോസ്റ്ററുകളില്‍ ‘അവളുടെ ശിക്ഷ കൊലപാതകം 1984 ഒക്ടോബര്‍ 31ന് നടപ്പാക്കപ്പെട്ടു’ എന്നു പ്രസ്താവിച്ചിരുന്നു.







