സ്പൗസല്‍ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റിനുള്ള യോഗ്യത മാനദണ്ഡങ്ങളില്‍ നിര്‍ണായക മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യാന്തര വിദ്യാര്‍ത്ഥികളുടെ പങ്കാളികള്‍ക്കുള്ള ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റുകളില്‍ 50,000 കുറവ് വരുത്തുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. കുറഞ്ഞത് 16 മാസമെങ്കിലും ദൈര്‍ഘ്യമുള്ള ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ പങ്കാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് യോഗ്യത പരിമിതപ്പെടുത്തുന്നത് ഉള്‍പ്പടെ നിയന്ത്രണങ്ങളില്‍ ഉണ്ട്.
ഉയര്‍ന്ന വൈദഗ്ധ്യമുള്ള, സ്‌പെഷ്യലൈസ്ഡ് തൊഴിലാളികളുടെ പങ്കാളികളെ മാത്രം ഉള്‍പ്പെടുത്തുന്നതിന് വര്‍ക്ക് പെര്‍മിറ്റ് യോഗ്യത പരിമിതപ്പെടുത്താനും ഐആര്‍സിസി പദ്ധതിയിടുന്നുണ്ട്. സി-സ്യൂട്ട് എക്‌സിക്യൂട്ടീവുകള്‍, ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍, പ്രൊഫസര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍, തൊഴിലാളി ക്ഷാമമുള്ള മേഖലകളിലെ തൊഴിലാളികളുടെ പങ്കാളികള്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്. ഈ മാറ്റങ്ങള്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 100,000 സ്പൗസല്‍ വര്‍ക്ക് പെര്‍മിറ്റകളുടെ കുറവ് ഉണ്ടാക്കുമെന്നാണ് കണക്ക് കൂട്ടുന്നത്.
നേരത്തെ, വിദ്യാര്‍ത്ഥികള്‍ക്കുള്ള കുടിയേറ്റ നിയമങ്ങള്‍ കാനഡ കടുപ്പിച്ചിരുന്നു. ഈ വര്‍ഷം വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്റ്റഡി പെര്‍മിറ്റ് 35 ശതമാനം കുറയ്ക്കുമെന്നും അടുത്ത വര്‍ഷം അതിന്റെ 10 ശതമാനം കൂടി കുറക്കുമെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കിയിരുന്നു. താല്‍ക്കാലിക താമസക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നാണ് വിശദീകരണം. ഇതോടൊപ്പം തന്നെ വര്‍ക്ക് പെര്‍മിറ്റിനുള്ള യോഗ്യതാ മാനദണ്ഡങ്ങളും കര്‍ശനമാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനു പിന്നാലെയാണ് പുതിയ നടപടി.







