ജറുസലേം: ലെബനനിൽ ഇസ്രയേൽ ചൊവ്വാഴ്ച കരയാക്രമണം തുടങ്ങിയതിനുപിന്നാലെ ടെൽ അവീവിനെയും ജറുസലേമിനെയും ലക്ഷ്യംവെച്ച് നൂറിലേറെ മിസൈൽ അയച്ച് ഇറാൻ. അയൽരാജ്യമായ ജോർദാന്റെ ആകാശത്തുവെച്ചുതന്നെ ഇസ്രയേൽ ഇവ വെടിവെച്ചിട്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടുചെയ്തു. മിസൈൽ ആക്രമണത്തെത്തുടർന്ന് ഇസ്രയേലിലെ പ്രധാനവിമാനത്താവളമായ ബെൻ ഗുറിയോണിലെ വ്യോമഗതാഗതം നിർത്തിവെച്ചു.
ഇറാനിൽനിന്ന് ആക്രമണമുണ്ടാകുമെന്ന് യു.എസ്. മുന്നറിയിപ്പുനൽകിയിരുന്നു. ഇതേത്തുടർന്ന് ടെൽ അവീവിലും ജറുസലേമിലുമുള്ള ജനങ്ങളോട് സുരക്ഷിതകേന്ദ്രത്തിലേക്കു മാറാൻ ഇസ്രയേൽ നിർദേശിക്കുകയുണ്ടായി. ഇതിനുമുൻപ് ഏപ്രിലിലാണ് ഇറാൻ ഇസ്രയേലിനെ നേരിട്ട് ആക്രമിച്ചത്. അന്ന് അയച്ച മിസൈലുകളിൽ മിക്കതും ഇസ്രയേൽ വെടിവെച്ചിട്ടിരുന്നു.
തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ തിങ്കളാഴ്ച അർധരാത്രിയോടെ നിയന്ത്രിതവും പരിമിതവും ആസൂത്രിതവുമായ കരയാക്രമണമാരംഭിച്ചെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. എന്നാൽ, നടപടി എത്രദിവസം നീളുമെന്ന് സൂചിപ്പിച്ചില്ല. അധിനിവേശത്തിനുമുന്നോടിയായി അതിർത്തിയിലെ 25 ഗ്രാമങ്ങളൊഴിയാൻ ലെബനീസ് പൗരരോട് ഇസ്രയേൽ നിർദേശിച്ചു. ഹിസ്ബുള്ളയുടെ കേന്ദ്രങ്ങൾ മാത്രമാണ് ലക്ഷ്യമെന്നും ഇത് ലെബനനിലെ ജനങ്ങൾക്കുനേരേയുള്ള യുദ്ധമല്ലെന്നും ഇസ്രയേൽസൈന്യം പറഞ്ഞു. ഹിസ്ബുള്ളയുമായി ഇസ്രയേൽ സൈന്യം നേരിട്ട് ഏറ്റുമുട്ടിയതായി റിപ്പോർട്ടില്ല. അതേസമയം, സൈന്യം ഉള്ളിലെത്തിയെന്ന വാർത്ത ഹിസ്ബുള്ള നിഷേധിച്ചു.







