ന്യൂഡൽഹി: ഹരിയാന-ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളില്‍ ഹരിയാനയിൽ കോൺഗ്രസിന് മുൻതൂക്കം പ്രവചിച്ച് പീപ്പിൾസ് പൾസ്. ജമ്മു കശ്മീരിൽ 33 മുതൽ 35 സീറ്റുകൾ വരെ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം നേടുമെന്ന് പീപ്പിൾസ് പൾസ് എക്‌സിറ്റ് പോൾ ഫലം പറയുന്നു. ബിജെപി 23 മുതൽ 27 വരെ സീറ്റുകൾ നേടുമെന്നും ഫലം പറയുന്നു. പിഡിപി 7-11 സീറ്റുകളും മറ്റുള്ളവർ 4-5 സീറ്റുകളും നേടുമെന്ന് പീപ്പിൾസ് പൾസ് പ്രവചിക്കുന്നു. ഹരിയാനയിൽ 49 മുതൽ 61 സീറ്റുകൾവരെ കോൺഗ്രസ് നേടുമെന്ന് പീപ്പിൾസ് പൾസ് പറയുന്നു. ബിജെപി 20-32 സീറ്റുകളും മറ്റുള്ളവർ 3-5 സീറ്റുകളും നേടുമെന്നാണ് പീപ്പിൾസ് പൾസ് എക്‌സിറ്റ് പോൾ പ്രവചനം.
റിപ്പബ്ലിക്ക്-മട്രൈസിന്റെ എക്സിറ്റ് പോൾ പ്രകാരം ഹരിയാനയിൽ കോൺഗ്രസിനാണ് മുന്നേറ്റം. 55 മുതൽ 62 സീറ്റുകൾ വരെ കോൺഗ്രസ് നേടുമെന്ന് റിപ്പബ്ലിക്ക്-മട്രൈസിന്റെ എക്സിറ്റ് പോൾ ഫലത്തിൽ പറയുന്നു. ബിജെപി 18- 24, കോൺഗ്രസ് 55-62, ഐഎൻഎൽഡി 06-06, ജെജെപി 00-03, മറ്റുള്ളവർ 02-05 എന്നിങ്ങനെയാണ് ഫലസൂചന. കോൺഗ്രസിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുമെന്ന് റിപ്പബ്ലിക്ക് എക്‌സിറ്റ് പോൾ പറയുന്നു.
ഹരിയാനയിലെയും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെയും 90 വീതം സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ജമ്മു കശ്മീരിൽ മൂന്നു ഘട്ടമായും ഹരിയാനയിൽ ഒറ്റഘട്ടമായുമാണ് വോട്ടെടുപ്പ് നടന്നത്. കനത്ത സുരക്ഷയിലാണ് ജമ്മു കശ്മീരിൽ മൂന്നു ഘട്ടമായി വോട്ടെടുപ്പ് നടന്നത്. പത്തു വർഷത്തിനിടെ ആദ്യമായിട്ടായിരുന്നു കശ്മീരിലെ തിരഞ്ഞെടുപ്പ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണിത്.







