കാനഡയിൽ അനധികൃതമായി ജോലി ചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ). അനധികൃതമായി ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി എൻഫോഴ്‌സ്‌മെൻ്റ് വേഗത്തിലാക്കുകയും റെയ്ഡുകളും സ്‌പോട്ട് ചെക്കുകളും നടത്തിയതായി സിബിഎസ്എ വ്യക്തമാക്കിയിട്ടുണ്ട്.
ഇമിഗ്രേഷൻ ആൻഡ് റഫ്യൂജി പ്രൊട്ടക്ഷൻ ആക്ട് (ഐആർപിഎ) പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്നതിനായി ആൽബർട്ട, ബ്രിട്ടീഷ് കൊളംബിയ, നോവ സ്കോഷ എന്നിവയുൾപ്പെടെ വിവിധ പ്രവിശ്യകളിൽ റെയ്ഡുകൾ നടന്നതായി റിപ്പോർട്ടുകൾ പറയുന്നു. സിബിഎസ്എയുടെ മൃദു സമീപനം കാരണം കാനഡയിൽ നിയമവിരുദ്ധമായി ജോലി ചെയ്യുന്നത് വർധിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
അനധികൃത തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ സിബിഎസ്എ ഊർജിതമാക്കിയിട്ടുണ്ട്. നിയമവിരുദ്ധമായി ജോലി ചെയ്തതിന് ആൽബർട്ടയിൽ നിർമാണ തൊഴിലാളികൾ പിടിയിലായിട്ടുണ്ട്. സന്ദർശക വിസയിലായിരിക്കുമ്പോൾ ട്രക്ക് ഡ്രൈവറായി നിയമവിരുദ്ധമായി ജോലി ചെയ്യുന്നതും ആശങ്കാജനകമായ മറ്റൊരു പ്രവണതയാണെന്നും റിപ്പോർട്ട് പറയുന്നുണ്ട്. എൻഫോഴ്‌സ്‌മെൻ്റ് പരിശോധനയ്ക്കിടെ പിടികൂടിയ ട്രക്ക് ഡ്രൈവർമാരുടെ ഒന്നിലധികം കേസുകൾ സിബിഎസ്എ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.







