2025ൽ കുടിയേറ്റം 20% വെട്ടിക്കുറക്കാൻ കാനഡ. ഇന്ന് പുറത്തിറക്കിയ ഇമിഗ്രേഷൻ ലെവൽസ് പ്ലാനിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. 2025ൽ 395,000 പി ആർ ആണ് അനുവദിക്കുക. 485,000 ആയിരുന്നു 2024ലെ ടാർഗറ്റ്. 2026ലേക്ക് എത്തുമ്പോൾ 380,000 ആവും ടാർഗറ്റ്. 2024-2026 ലെവൽസ് പ്ലാനിലെ 500,000 എന്ന ടാർഗറ്റിനേക്കാൾ കുറവാണ് ഇത്. 2027 വർഷത്തിൽ 365,000 ആണ് പി ആർ ടാർഗറ്റ്. 2025ലേക്കുള്ള സാമ്പത്തിക കുടിയേറ്റ ടാർഗറ്റ് 15 ശതമാനമാണ് കുറഞ്ഞത്. ഇത് 272,000 ൽ നിന്ന് 232,000 ആയി.
അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കുള്ള സ്റ്റഡി വിസ വെട്ടിക്കുറച്ചതിന് പിന്നാലെ കുടിയേറ്റത്തിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കിയിരുന്നു. 2025 മുതല്‍ സര്‍ക്കാര്‍ ഇമിഗ്രേഷന്‍ നടപടികള്‍ പരിമിതപ്പെടുത്തുമെന്നാണ് ട്രൂഡോ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസമാണ് വിദേശ വിദ്യാര്‍ഥികളുടെ സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണത്തില്‍ കാനഡ നിയന്ത്രണം കൊണ്ടുവന്നത്.കാനഡയില്‍ വിദേശ കുടിയേറ്റക്കാരുടെ എണ്ണം പെരുകുന്നത് താമസ്ഥലങ്ങളുടെ വില വര്‍ധിക്കുന്നതായും പലിശനിരക്കുകളില്‍ വലിയ വര്‍ധനവും ചൂണ്ടികാണിച്ച് ട്രൂഡോ സര്‍ക്കാരിനെ കനേഡിയന്‍സ് പ്രതിഷേധം ശക്തമാക്കിയിരുന്നു.







