ഓട്ടവ: ഇരു രാജ്യങ്ങളും തമ്മിലുള്ള നയന്ത്ര ബന്ധം വഷളാകുന്നതിനിടെ ഇന്ത്യക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി കാനഡ രംഗത്ത്. നൂതന സൈബർ സാങ്കേതിക വിദ്യയിലൂടെ കാനഡയെ നിരീക്ഷിക്കുന്നുവെന്നാണ് ഇപ്പോൾ കനേഡിൻ ഇന്റലിജൻസ് ഏജൻസിയുടെ ആരോപണം. അതേസമയം കനേഡിയൻ സർക്കാർ വെബ്സൈറ്റുകൾക്കു നേരെ നിരന്തരമുണ്ടാകുന്ന ആക്രമണങ്ങൾക്കു പിന്നിൽ ഇന്ത്യയാണെന്നും സിഖ് വിഘടനവാദികളെ നിരീക്ഷിക്കുന്നുവെന്നും രാജ്യത്ത് കടന്നു കയറിയുള്ള ഇന്ത്യയുടെ ഇടപെടൽ അംഗീകരിക്കാൻ കഴിയില്ലെന്നും കാനഡ വ്യക്തമാക്കി. എന്നാൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഇതുവരെ ഇതിൽ പ്രതികരിച്ചിട്ടില്ല.
നിജ്ജാർ കൊലപാതകത്തിനു പിന്നിൽ പോലും അമിത് ഷാക്ക് പങ്കുണ്ടെന്നും തെളിവുണ്ടെന്നുമായിരുന്നു കനേഡിയൻ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന. നേരത്തെ നിജ്ജാർ വധത്തിനു പിന്നിൽ ഇന്ത്യയാണെന്ന് ആരോപിച്ച് കാനഡ കൈമാറിയ തെളിവുകൾ ഇന്ത്യ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം കാനഡയിലെ വിഘടനവാദികളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശ പ്രകാരമാണ് നിരീക്ഷിക്കുന്നതെന്ന് കാനഡ ആരോപിച്ചിരുന്നു.







