വാഷിങ്ടൺ: ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വൻ ആശങ്കയിലായി കുടിയേറ്റക്കാർ. സ്വാഭാവിക പൗരത്വത്തിനെതിരെയുള്ള ട്രംപിന്റെയും ഡെപ്യൂട്ടി ജെഡി വാൻസിന്റെയും നിലപാട് പ്രചരണ കാലഘട്ടത്തിൽ തന്നെ ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാരിൽ ആശങ്കയുണ്ടാക്കിയിരുന്നു.
ഒരു രാജ്യത്ത് ജനിക്കുന്നതിലൂടെയാണ് ഒരു വ്യക്തിക്ക് സ്വാഭാവിക പൗരത്വം ലഭ്യമാകുന്നത്. താൻ ജനിച്ച രാജ്യത്തെ പൗരനാകണോ തന്റെ മാതാപിതാക്കളുടെ രാജ്യത്തെ പൗരനാകണോ എന്ന് ആ വ്യക്തിക്ക് പിന്നീട് തന്റെ ഏത് പ്രായത്തിലും തീരുമാനിക്കാവുന്നതാണ്.
സ്വാഭാവിക പൗരത്വത്തിനെതിരാണ് ഡൊണാൾഡ് ട്രംപ്. താൻ സത്യപ്രതിജ്ഞ ഒന്നാം ദിവസം തന്നെ സ്വാഭാവിക പൗരത്വത്തിനെതിരെ നടപടിയെടുക്കുമെന്ന് ജെഡി വെൻസ് പറഞ്ഞിരുന്നു. ട്രംപിന്റെ സത്യപ്രതിജ്ഞാ ദിനത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായേക്കാവുന്ന വിഷയവും ഇത് തന്നെയാണ്.
തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒന്നാം ദിനം അമേരിക്കയിലെ ഏറ്റവും വലിയ നാടുകടത്തൽ പദ്ധതി താൻ ആരംഭിക്കും എന്ന് ട്രംപ് പറഞ്ഞിരുന്നു. യുഎസ് ഇമിഗ്രേഷൻ നടപടികളിൽ വൻ മാറ്റങ്ങൾ ആസൂത്രണം ചെയ്യാൻ പോവുന്ന ട്രംപ് കുടിയേറ്റക്കാരെ ലക്ഷ്യം വെച്ച് നീങ്ങുക മാത്രമല്ല നിയമനടപടി സ്വീകരിക്കുക തന്നെ ചെയ്യും.







