കാലിഫോർണിയ: ഭൂമിക്കരികിലേക്ക് ശരവേഗത്തിൽ വരാൻ പോകുന്നത് ഏകദേശം കുത്തബ് മിനാറിന്റെ വലിപ്പമുള്ള ഭീമൻ ഛിന്നഗ്രഹമെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. 250 അടി അഥവാ 76 മീറ്റർ ഉള്ള ‘2020 യുഎൽ3’ എന്ന് പേരുള്ള ഛിന്നഗ്രഹമാണ് ഭൂമിക്ക് ഏറ്റവും അടുത്തെത്തുക എന്നാണ് നാസയുടെ ജെറ്റ് പ്രൊപൽഷ്യൻ ലബോററ്ററി കണക്കാക്കുന്നത്.
വലിപ്പം കൊണ്ട് കുറച്ച് പ്രശ്നക്കാരനാണെങ്കിലും ഭൂമിക്ക് പരിക്കേൽപ്പിക്കാതെയാണ് 2020 യുഎൽ3 കടന്നു പോകുക. ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോൾ പോലും 973,000 മൈൽ അകലം ഛിന്നഗ്രഹത്തിനുണ്ടാകും. ഭൂമിയിൽ നിന്ന് സുരക്ഷിതമായ അകലമാണിത് എന്നതിനാൽ 2020 യുഎൽ3 ഛിന്നഗ്രഹത്തെ ആരും ഭയക്കേണ്ട.
2020 യുഎൽ3 കൂടാതെ മറ്റൊരു ഛിന്നഗ്രഹം കൂടി ഇന്ന് ഭൂമിക്ക് ഏറ്റവും അടുത്തുകൂടെ കുതിച്ചുപായും. 2024 വിഎച്ച്1 എന്നാണ് ഒരു വീടിൻറെ വലിപ്പം കണക്കാക്കുന്ന ഈ ഛിന്നഗ്രഹത്തിൻറെ പേര്. 51 അടിയാണ് 2024 വിഎച്ച്1 ന്റെ വ്യാസം. ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോൾ പോലും 317,000 മൈൽ അകലം ഛിന്നഗ്രഹത്തിനുണ്ടാകുമെന്നതിനാൽ ഭൂമിക്ക് യാതൊരു പ്രശ്നവും ഇത് സൃഷ്ടിക്കില്ല.







