ടൊറന്റോ: പാരീസ് ഒളിമ്പിക്സിൽ എതിർടീമിന്റെ പരിശീലനത്തിനിടെ ഡ്രോൺ പറത്തി വിമർശനം ഏറ്റുവാങ്ങിയ കാനഡയുടെ വനിതാ ഫുട്ബോൾ ടീം കോച്ച് ബേവ് പ്രീസ്റ്റ്മാനെ പുറത്താക്കി. സഹപരിശീലകൻ ജാസ്‌മിൻ മാൻഡെർ, അനലിസ്റ്റ് ജോസഫ് ലോംബാർഡി എന്നിവരെയും പുറത്താക്കി. അന്നുതൊട്ട് മൂവരും സസ്പെൻഷനിലായിരുന്നു. ഒളിമ്പിക്സ് വനിതാ ഫുട്ബോൾ ടൂർണമെന്റ് തുടങ്ങുന്നതിനു മുന്നോടിയായി ന്യൂസീലൻഡ് ടീം പരിശീലനം നടത്തുന്നതിനിടെ, ഇതേ പ്രദേശത്ത് ഡ്രോൺ പറത്തിയത് വിവാദമായിരുന്നു. ടീമിന്റെ രഹസ്യം ചോർത്താനാണ് ഡ്രോൺ പറത്തിയതെന്ന് ന്യൂസീലൻഡ് പരാതിപ്പെട്ടതോടെ ഫിഫ മൂവരെയും ഒരുവർഷത്തേക്ക് സസ്പെൻഡുചെയ്തു. 1.90 കോടി രൂപയോളം പിഴ ചുമത്തുകയുംചെയ്തു.
ഇതിനിടെ പ്രാഥമികഘട്ടത്തിൽ ജയിച്ചുകയറിയ കാനഡ ടീം ക്വാർട്ടർ ഫൈനലിൽ ജർമനിയോടു തോൽക്കുകയായിരുന്നു. ടോക്യോ ഒളിമ്പിക്സിൽ പ്രീസ്റ്റ്മാനുകീഴിൽ കാനഡ സ്വർണം നേടിയിരുന്നു. രാജ്യത്തെ ഫുട്ബോൾ അസോസിയേഷൻ നടത്തിയ വിശദ പരിശോധനയ്ക്കുശേഷമാണിപ്പോൾ മൂവരെയും പുറത്താക്കിയത്.







