ഒട്ടാവ: കാനഡക്കാര്‍ രാജ്യം വിട്ടുപോകണമെന്ന് കാനഡയിലെ ഖാലിസ്ഥാന്‍ വാദികള്‍. ഇന്ത്യാവിരുദ്ധരെന്ന് വിശേഷിപ്പിക്കപ്പെടുന്ന സിഖ് വിമതര്‍ സംഘടിപ്പിച്ച ഒരു ജാഥയിലാണ് കാനഡ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്.
കാനഡയിലെ ഖാലിസ്ഥാനികള്‍ കാനഡയിലെ തദ്ദേശീയ പൗരന്മാരെ ‘ആക്രമണകാരികള്‍’ എന്ന് വിളിക്കുന്നതും ഒരു മത ഘോഷയാത്രയില്‍ (നഗര്‍ കീര്‍ത്തനം) അവര്‍ അവരോട് ‘യൂറോപ്പിലേക്കും ഇംഗ്ലണ്ടിലേക്കും മടങ്ങിപോകൂ’ എന്ന് പറയുന്നതും കാണാം.
സ്വന്തം ദുരിതങ്ങള്‍ക്ക് ഇന്ത്യയെയും ഇന്ത്യക്കാരെയും കുറ്റപ്പെടുത്തിയിരുന്ന ഖാലിസ്ഥാനി അനുഭാവികള്‍ ഇപ്പോള്‍ കാനഡക്കാര്‍ക്കുനേരെ തിരിഞ്ഞിരിക്കുകയാണ്.
‘ഇത് കാനഡയാണ്, നമ്മുടെ സ്വന്തം രാജ്യം. നിങ്ങള്‍ (കാനഡക്കാര്‍) തിരിച്ചുപോവുക’ എക്‌സ്-ല്‍ പങ്കിട്ട ഒരു വൈറല്‍ വീഡിയോയില്‍, ഒരു മതപരമായ പരിപാടിയില്‍ ഖാലിസ്ഥാനി അനുഭാവികള്‍ പറയുന്നത് കാണാം.
‘വെള്ളക്കാര്‍ ആക്രമണകാരികളാണ് , ‘ഞങ്ങളാണ് കാനഡയുടെ ഉടമകള്‍’ എന്ന് പറയുന്ന ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം.
ഇന്ത്യന്‍ രഹസ്യാന്വേഷണ വൃത്തങ്ങള്‍ ഈ സംഭവത്തെ കാനഡയിലെ ‘ന്യൂ നോര്‍മല്‍ ‘ എന്ന് വിശേഷിപ്പിച്ചു. ഖാലിസ്ഥാനികള്‍ രാജ്യത്തിന്റെ എല്ലാ മേഖലയും പതുക്കെ പിടിച്ചെടുക്കുകയാണ് എന്നു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
‘ശരിയായ നിരീക്ഷണത്തിന്റെ അഭാവത്തില്‍, ഈ ഗ്രൂപ്പുകള്‍ പ്രാദേശിക കാനഡക്കാരില്‍ നിന്നും നിയന്ത്രണം ഏറ്റെടുക്കുകയാണ്. ആക്രമിക്കപ്പെടാതിരിക്കാന്‍ ഹിന്ദുക്കളോട് പണം ആവശ്യപ്പെടുന്നു, ഇപ്പോള്‍ അവരുടെ കോളനികളിലെ പ്രദേശവാസികള്‍ക്ക് ഭീഷണിയുണ്ടെന്നും ചിലര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഖാലിസ്ഥാനി തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഇന്ത്യ-കാനഡ ബന്ധം വഷളായിരുന്നു. കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്കുണ്ടെന്നാണ് കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ ആരോപിക്കുന്നത്.







