ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ പദ്ധതി അവസാനിപ്പിച്ച് ദിവസങ്ങൾക്ക് ശേഷം, കാനഡയിൽ അഭയം തേടുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് കനേഡിയൻ ഇമിഗ്രേഷൻ മിനിസ്റ്റർ മാർക് മില്ലർ. ചില വിദ്യാർഥികൾ കാനഡയിൽ എത്തിയ ഉടനെ അഭയാർഥികളാകാൻ വേണ്ടി അപേക്ഷിക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. സംരക്ഷം ആവശ്യമുള്ള അർഹതപ്പെട്ട ആളുകളെ സഹായിക്കാൻ കാനഡ എന്നും പ്രതിജ്ഞാബദ്ധമാണ്. എന്നാൽ അനധികൃത കുടിയേറ്റത്തെ വെച്ചുപൊറുപ്പിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. വിദ്യാർഥികൾ കാനഡയിൽ നിയവിരുദ്ധമായി അഭയം തേടുന്നത് ഇമിഗ്രേഷൻ സംവിധാനത്തിന്റെ ലക്ഷ്യങ്ങൾക്ക് വിരുദ്ധമാണെന്ന് മാർക്ക് മില്ലർ പറയുന്നു.
2024 ലെ ആദ്യ ഒമ്പത് മാസങ്ങളിൽ കാനഡയിലൽ ഏകദേശം 14,000 അന്തർദ്ദേശീയ വിദ്യാർത്ഥികൾ അഭയം തേടിയിട്ടുണ്ട്. എന്നാൽ ഈ കാലയളവിൽ കാനഡ നൽകിയ സ്റ്റുഡൻ്റ് പെർമിറ്റ് വിസ കുറവായിരുന്നു. ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ നൽകുന്ന ഡാറ്റ അനുസരിച്ച് കാനഡയിൽ ഇത്തരത്തിൽ അഭയം തേടിയിരിക്കുന്നത്, ഇന്ത്യ, നൈജീരിയ, ഘാന, ഗിനിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നീ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ്. കാനഡയിൽ ഏറ്റവും കൂടുതൽ പഠിക്കുന്ന വിദേശ വിദ്യാർഥികളുടെ ഉറവിടം ഇന്ത്യയാണ്. 2023ൽ 4.27 ലക്ഷം വിദ്യാർഥികളാണ് പഠിക്കുന്നത്. ഇത്തരത്തിൽ അഭയം തേടുന്ന കാര്യത്തിലും ഇന്ത്യ തന്നെയാണ് മുന്നിൽ. ഓഗസ്റ്റ് അവസാനത്തിൽ കാനഡയിൽ അഭയം തേടുന്നവരുടെ എണ്ണം 13,000 ആയിരുന്നു. എന്നാൽ സെപ്തംബർ അവസാനം ആകുമ്പോഴേക്കും അത് 14,000 ആയി ഉയർന്നു. ഇമിഗ്രേഷൻ കൺസൾട്ടൻ്റുകളിൽ നിന്നുള്ള മോശം ഉപദേശമാണ് ഇത്തരത്തിലുള്ള അഭയാർഥി അപേക്ഷയ്ക്ക് കാരണമെന്നാണ് മാർക് മില്ലർ പറയുന്നത്.







