കാനഡയിൽ സൈനിക സേവനം തെരഞ്ഞെടുക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട് . ജോലി സ്ഥിരത, ശമ്പളം, സമൂഹത്തിൽ നിന്ന് ലഭിക്കുന്ന ആദരവ് തുടങ്ങിയവ സൈനിക ജോലി തെരഞ്ഞെടുക്കുന്നതിന് കാരണമാകുന്നതായി റിപ്പോർട്ട് പറയുന്നു. സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ ജോലി ചെയ്ത് ഒടുവിൽ ഒടുവിൽ സൈനിക സേവനത്തിലേക്ക് എത്തുന്നവരുടെ എണ്ണവും കൂടുതലാണ്.
കനേഡിയൻ സായുധസേനയിലേക്ക് നിരവധി പേരുടെ ആവശ്യമുണ്ട്. CAFന് 7,600-ലധികം അംഗങ്ങളുടെ കുറവുണ്ടെന്ന് 2024 സെപ്റ്റംബറിലെ കണക്കുകൾ പറയുന്നു. റിസർവ് സേനയ്ക്ക് 7,000-ൽ കൂടുതൽ ആളുകളുടെ കുറവുണ്ടെന്ന് റിയർ അഡ്മിറൽ ക്രിസ്റ്റഫർ റോബിൻസൺ പറഞ്ഞു. പുതുതായി സൈനിക സേവനത്തിന് എത്തുന്നവരിൽ കൂടുതൽപ്പേരും മറ്റ് ജോലികൾ ചെയ്തവരും കുടുംബങ്ങളും ഉള്ളവരാണ്. പലരും തങ്ങളുടെ മുപ്പതുകളിലും, നാല്പതുകളിലും ,അൻപതുകളിലും വരെ സൈനിക സേവനം തെരഞ്ഞെടുക്കുന്നുണ്ട്. റിക്രൂട്ട്മെന്റ് കൂടുതൽ ആധുനികമാക്കാൻ, CAF നിരവധി പ്രോഗ്രാമുകളും പരിശീലനങ്ങളും നൽകുന്നുണ്ട്.







