ഒട്ടാവ: കാനഡയുടെ പ്രധാനമന്ത്രി തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയ അനിത ആനന്ദ് അറിയിച്ചു. പാർലമെൻ്റിലേക്കും വീണ്ടും മത്സരിക്കില്ലെന്നും അവർ അറിയിച്ചു. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ മാതൃകയാണ് താൻ പിന്തുടരുന്നതെന്നും അക്കാദമിയിലേക്ക് മടങ്ങിയെത്തി തൻ്റെ കരിയറിൻ്റെ അടുത്ത അധ്യായം ആരംഭിക്കുമെന്നും ആനന്ദ് ശനിയാഴ്ച പറഞ്ഞു. നേരത്തെ അനിതക്ക് മുമ്പ് വിദേശകാര്യ മന്ത്രി മെലാനി ജോളിയും ധനമന്ത്രി ഡൊമിനിക് ലെബ്ലാങ്കും മത്സരത്തിൽ നിന്ന് വിട്ടുനിന്നിരുന്നു.
പ്രധാനമന്ത്രി തൻ്റെ അടുത്ത ഘട്ടത്തിലേക്ക് മാറാൻ തീരുമാനിച്ചു. എനിക്കും അത് ചെയ്യാൻ പറ്റിയ സമയമാണിതെന്ന് ഞാൻ തീരുമാനിച്ചു. അദ്ധ്യാപനം, ഗവേഷണം, പബ്ലിക് പോളിസി അനാലിസിസ് തുടങ്ങി എൻ്റെ മുൻ പ്രൊഫഷണൽ ജീവിതത്തിലേക്ക് മടങ്ങുമെന്നും അനിത ആനന്ദ് പറഞ്ഞു.
2019-ൽ ട്രൂഡോ കാബിനറ്റിൽ പബ്ലിക് സർവീസ് ആൻഡ് പ്രൊക്യുർമെൻ്റ് മന്ത്രിയായി ചുമതലയേറ്റ്, കൊവിഡ് സമയത്ത് കാനഡയിൽ മതിയായ മെഡിക്കൽ ഉപകരണങ്ങളും വാക്സിനുകളും എത്തിച്ച് ജനത്തിന്റെ കൈയടി നേടി. 2021-ൽ, പ്രതിരോധ മന്ത്രി സ്ഥാനം ലഭിച്ചു.
സർക്കാർ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന മന്ത്രിതല പദവിയായ ട്രഷറി ബോർഡിൻ്റെ പ്രസിഡൻ്റായി പുനഃസംഘടനയിൽ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷം അവർ ഗതാഗത മന്ത്രിയാകുകയും ആഭ്യന്തര വ്യാപാര വകുപ്പ് ലഭിക്കുകയും ചെയ്തു.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരത്തിനില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ വംശജ അനിത ആനന്ദ്
Reading Time: < 1 minute






