മെറ്റ 3600 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുകയാണ് എന്ന റിപ്പോർട്ടുകളണ് പുറത്തുവരുന്നത്. മാർക്ക് സക്കർബർഗിൻ്റെ ഇൻ്റേണൽ മെമ്മോ അനുസരിച്ച് ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിന് മോശം പ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം. ഇത് വാട്ട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള മെറ്റക്ക് കീഴിലുള്ള ആകെ ജീവനക്കാരുടെ അഞ്ച് ശതമാനത്തിനെയാണ് പിരിച്ചുവിടൽ ബാധിക്കുക.
പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പിരിച്ചുവിടലുകൾ പ്രധാന യുഎസ് കോർപ്പറേഷനുകൾക്കിടയിൽ ഒരു സാധാരണ രീതിയാണ്. സമാനമായ രീതിയിൽ മൈക്രോസോഫ്റ്റും കഴിഞ്ഞയാഴ്ച പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചിരുന്നു. ജനുവരി 20 ന് ഡൊണൾഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് മടങ്ങുന്നതിന് മുന്നോടിയായി മെറ്റയിലെ വിശാലമായ മാറ്റങ്ങൾക്കിടയിലാണ് പിരിച്ചുവിടലുകൾ.
സെപ്തംബർ വരെ മെറ്റയിൽ ഏകദേശം 72,400 ജീവനക്കാരുണ്ടായിരുന്നു. കമ്പനിയിലുള്ളത് മികച്ച ജീവനക്കാരാണെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഇപ്പോൾ നടക്കുന്ന പിരിച്ചുവിടലെന്ന് മാർക്ക് സക്കർബർഗ് പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി, മെറ്റ ഇതിനകം തന്നെ നിരവധി തവണ പിരിച്ചുവിടലുകൾ നടത്തിയിരുന്നു.






