ചെലവ് ചുരുക്കലിന്റെ ഭാഗമായി 127 ജീവനക്കാരെ പിരിച്ചുവിട്ട് ഒന്റാറിയോയിലെ ഹാമില്‍ട്ടണില്‍ സ്ഥിതി ചെയ്യുന്ന മൊഹാവ്ക് കോളേജ് മുഴുവൻ സമയ സപ്പോർട്ട് സ്റ്റാഫുകളിൽ 20 ശതമാനം വെട്ടിക്കുറച്ചതായി കോളേജ് അറിയിച്ചു. ഇതോടെ 102 ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകും. കൂടാതെ 25 പാർട്ട് ടൈം സപ്പോർട്ട് സ്റ്റാഫ് തസ്തികകളും വെട്ടിക്കുറച്ചിട്ടുണ്ട്.
പിരിച്ചുവിടലിൽ ഒൻ്റാറിയോ പബ്ലിക് സർവീസ് എംപ്ലോയീസ് യൂണിയൻ (OPSEU) ലോക്കൽ 241 അംഗങ്ങളും ഉൾപ്പെടുന്നു. ചൊവ്വാഴ്ച പിരിച്ചുവിടൽ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോളേജ് ഇൻ്റേണൽ മെമ്മോയിൽ പറഞ്ഞു.
നവംബര്‍ 2024 ല്‍ മൊഹാവ്ക് കോളേജ് 2025-2026 സാമ്പത്തിക വര്‍ഷത്തില്‍ 50 മില്യണ്‍ ഡോളര്‍ ബജറ്റ് കമ്മി പ്രവചിച്ചിരുന്നു. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിലെ ഗണ്യമായ കുറവാണ് ഈ വരുമാന കുറവിന് കാരണം. ചെലവ് ചുരുക്കല്‍ നടപടിയായി 200 മുതല്‍ 400 വരെ ജോലികള്‍ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികള്‍ കോളേജ് പ്രഖ്യാപിച്ചിട്ടുണ്ട്.
2024 ഡിസംബറില്‍ സ്ഥാപനം അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫുകളില്‍ 20 ശതമാനം കുറവ് പ്രഖ്യാപിക്കുകയും വരാനിരിക്കുന്ന അധ്യയന വര്‍ഷത്തില്‍ 16 പ്രോഗ്രാമുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു. കമ്മ്യൂണിറ്റി അംഗങ്ങളെ അവരുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനോ പുതിയ ജോലികളിലേക്കുള്ള പരിവര്‍ത്തനത്തിനോ സഹായിക്കുന്നതിന് സൗജന്യ കോഴ്‌സുകള്‍ വാഗ്ദാനം ചെയ്തിരുന്ന സിറ്റി സ്‌കൂള്‍ പോലുള്ള സേവനങ്ങളും നിര്‍ത്തലാക്കി.
കോളേജുകള്‍ നഷ്ടത്തിൽ; 127 ജീവനക്കാരെ പിരിച്ചുവിട്ട് മൊഹാവ്ക് കോളേജ്

Reading Time: < 1 minute